News
തുടർച്ചയായി പതിനഞ്ചാം ദിവസവും ഇന്ധനവില കൂട്ടി
കൊച്ചി : തുടർച്ചയായി പതിനഞ്ചാം ദിവസവും പതിവ് തെറ്റിക്കാതെ ഇന്ധനവില കൂട്ടി. ഡീസലിന് 57 പൈസയും പെട്രോളിന് 35 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ ഡീസലിന് 74.12 രൂപയും പെട്രോളിന് 79.44 രൂപയുമായി. 15 ദിവസത്തിനിടെ ഡീസലിന് 8.43 രൂപയും പെട്രോളിന് 8 രൂപയുമാണ് വര്‍ധിച്ചത്.
79.34 രൂപയാണ് കോഴിക്കോട് പെട്രോളിന്റെ വില. ഡീസലിനാകട്ടെ 73.84 രൂപയും. ലോക്ക്ഡൗണ്‍ കാലത്തെ 82 ദിവസത്തെ അവധിക്കുശേഷം ജൂണ്‍ ഏഴു മുതലാണ് ഇന്ധന വില വീണ്ടും ദിനംപ്രതി പരിഷ്‌കരിക്കാന്‍ തുടങ്ങിയത്. അന്നു മുതല്‍ എല്ലാ ദിവസവും 50 പൈസയിലേറെയാണ് വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നത്.
ജൂണ്‍ ഏഴു മുതലാണ് വില വര്‍ധിപ്പിക്കാന്‍ തുടങ്ങിയത്. ജൂണ്‍ 6ന് അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില വീപ്പയ്‌ക്ക് 42 ഡോളറായിരുന്നെങ്കില്‍ ജൂണ്‍ 12ന് 38 ഡോളറായി കുറഞ്ഞു. എന്നിട്ടും പെട്രോള്‍, ഡീസല്‍ വിലയില്‍ കുറവുണ്ടായില്ല. മെയ് മാസത്തില്‍ എണ്ണ വില 20തിലേക്ക് കൂപ്പുകുത്തിയപ്പോഴും രാജ്യത്ത് പെട്രോള്‍ ഡീസല്‍ വിലയില്‍ കുറവുണ്ടായില്ല.
രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന് വില കുറയുമ്പോഴും കേന്ദ്രസര്‍ക്കാര്‍ എക്സൈസ് നികുതി വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ് വിലവര്‍ധിപ്പിക്കേണ്ട സാഹചര്യമുണ്ടായതെന്നാണ് എണ്ണക്കമ്പനികളുടെ വാദം. ജൂണ്‍ 30 വരെ ഇന്ധന വില വര്‍ധനവ് തുടരുമെന്നാണ് വിലയിരുത്തല്‍.