100 വര്‍ഷത്തിനിടയിലെ ഏറ്റവും ആഴമേറിയ സൂര്യഗ്രഹണം ഇന്ന്
ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം ഇന്ന് നടക്കും. രാജ്യത്തെ എല്ലായിടത്തും വ്യത്യസ്ത തോതില്‍ ഗ്രഹണം ദൃശ്യമാകും. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഭാഗിക ഗ്രഹണമാകും ദൃശ്യമാകുക.100 വര്‍ഷത്തിനിടയിലെ ഏറ്റവും ആഴമേറിയതുമായ സൂര്യഗ്രഹണമാണ് ഇന്നത്തേത്. ഈ വര്‍ഷത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ദിനവും ഇന്നാണ്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 26 നായിരുന്നു ലോകത്ത് അവസാനമായി വലയ സൂര്യഗ്രഹണം ദൃശ്യമായത്.
രാവിലെ 9.15 മുതല്‍ 3.03 വരെയാണ് ഗ്രഹണം. 10.12ന് രാജസ്ഥാനിലാണ് തുടങ്ങുക. 11.49 ന് വലയം ദൃശ്യമാകും. 12. 10 ന് പൂര്‍ണ്ണതയില്‍ എത്തും. രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ വലയഗ്രഹണവും കേരളത്തില്‍ ഭാഗിക ഗ്രഹണവും ആണ് ദൃശ്യമാവുക.
തിരുവനന്തപുരത്ത് രാവിലെ 10.14 മുതല്‍ ഉച്ചയ്ക്കു 1.15വരെയാണ് കാണാന്‍ കഴിയുക. 11.40ന് പരമാവധി ഭാഗം ദൃശ്യമാമാകും. മഴക്കാലമായതിനാല്‍ മേഘങ്ങള്‍ ചിലപ്പോള്‍ കാഴ്ച മറച്ചേക്കും. ആകാശത്തിന്റെ വടക്ക് കിഴക്ക് ഭാഗത്താണ് സൂര്യഗ്രഹണം ദൃശ്യമാകുക. പരമാവധി സൂര്യബിംബത്തിന്റെ 34.7 % മറയ്ക്കുന്ന ദൃശ്യമായിരിക്കും ലഭിക്കുക.
സൂര്യഗ്രഹണം നഗ്നനേത്രം കൊണ്ട് കാണരുത്. സോളര്‍ ഫില്‍റ്റര്‍ ഘടിപ്പിച്ച കണ്ണടകള്‍ ഉപയോഗിച്ച് മാത്രമേ കാണാവൂ. സൂര്യനും ഭൂമിക്കും ഇടയില്‍ ചന്ദ്രന്‍ വരുപ്പോള്‍ ഭൂമിയുടെ ഉപരിതലത്തില്‍ ചന്ദ്രന്റെ നിഴല്‍ പതിക്കുന്നതാണ് സൂര്യഗ്രഹണം. ഇന്ത്യയില്‍ നിന്ന് ദൃശ്യമാകുന്ന അടുത്ത സൂര്യഗ്രഹണത്തിന് 2022 ഒക്ടോബര്‍ 25 രെ കാത്തിരിക്കണം.