News

എസ്‌എന്‍ കോളേജ് ഫണ്ട് തട്ടിപ്പ്: വെള്ളാപ്പള്ളിക്കെതിരായ കുറ്റപത്രം ഉടൻ സമര്‍പ്പിക്കണം

കൊച്ചി : കൊല്ലം എസ്‌എന്‍ കോളേജ് സുവര്‍ണ ജൂബിലി ഫണ്ട്‌ തട്ടിപ്പ് കേസില്‍ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കാൻ ഹൈക്കോടതി നിർദ്ദേശം. രണ്ടാഴ്ചക്കകം കുറ്റപത്രം സമര്‍പ്പിക്കാനാണ് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘത്തിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്. കേസില്‍ ചോദ്യം ചെയ്യല്‍ ഉടന്‍ പൂര്‍ത്തിയാക്കണം. അന്വേഷണം ഇനിയും നീട്ടിക്കൊണ്ടുപോകാനാകില്ലെന്ന് പറഞ്ഞ കോടതി അടുത്ത മാസം ആറിന് കേസ് വീണ്ടും പരിഗണിക്കുമെന്നും വ്യക്തമാക്കി.

എസ്‌എന്‍ കോളേജ് സുവര്‍ണ ജൂബിലി ആഘോഷ നടത്തിപ്പിനായി വെള്ളാപ്പള്ളി നടേശന്‍ ജനറല്‍ കണ്‍വീനറായി 1997-98 കാലയളവില്‍ പിരിച്ച 1,02,61296 രൂപയില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്നാണ് കേസ്.എസ്‌എന്‍ ട്രസ്റ്റ് ട്രസ്റ്റിയായിരുന്ന കൊല്ലം കടപ്പാക്കട സ്വദേശി പി. സുരേഷ് ബാബു 2004ല്‍ നല്‍കിയ സ്വകാര്യ അന്യായത്തിലാണ് സിജെഎം കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നത്.

ക്രൈം ഡിറ്റാച്ച്‌മെന്റ് എസ്‌പിയാണ് കേസ് ആദ്യം അന്വേഷണം നടത്തിയത്. പരാതിയില്‍ കഴമ്പില്ലെന്നായിരുന്നു കണ്ടെത്തല്‍. തുടര്‍ന്ന് ഹര്‍ജിക്കാരന്റെ തടസവാദം പരിഗണിച്ച വിചാരണ കോടതി പൊലിസ് റിപ്പോര്‍ട്ട് തള്ളി എഡിജിപി യുടെ നേതൃത്വത്തിൽ തുടരന്വേഷണത്തിന് ഉത്തരവിട്ടു. ഇതിനെതിരെ വെള്ളാപ്പള്ളി ഹൈക്കോടതിയെ സമീപിച്ചെങ്കിലും പരാതിക്കാരന് അനുകൂലമായിട്ടായിരുന്നു ഹൈകോടതിയും നിലപാട് എടുത്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button