Top Stories

പ്രധാനമന്ത്രിയുടെ വാക്കുകൾ ചൈനയ്ക്ക് സഹായമാകരുത്: മോദിക്കെതിരേ മന്‍മോഹന്‍ സിങ്

ന്യൂഡൽഹി : ചൈനീസ് പട്ടാളവുമായുള്ള ഗല്‍വാന്‍ താഴ്‌വരയിലെ സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ച ഇന്ത്യന്‍ സൈനികര്‍ക്ക് നീതി ഉറപ്പാക്കണമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. ഇന്ത്യയുടെ പ്രദേശത്ത് പുറത്തുനിന്നാരും കടന്നുകയറിയില്ലെന്നും ഇന്ത്യൻ പോസ്റ്റ് ആരും പിടിച്ചെടുത്തില്ലെന്നുമുള്ള സർവക്ഷിയോഗത്തിലെ പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെയാണ് മുൻ പ്രധാനമന്ത്രി മൻമോഹൻസിങ് ശക്തമായി പ്രതികരിച്ചത്. പ്രധാനമന്ത്രി വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

അതിര്‍ത്തിയിലെ പ്രശ്നത്തെ രാജ്യം ഒറ്റക്കെട്ടായി നേരിടണം. ഇത് സംബന്ധിച്ച്‌ തെറ്റായ വിവരങ്ങള്‍ പുറത്തുവിടരുത്. തന്റെ വാക്കുകള്‍ എന്ത് മാറ്റമാണ് രാജ്യസുരക്ഷയിലും അതിര്‍ത്തി വിഷയത്തിലും നയതന്ത്രത്തിലും ഉണ്ടാക്കുകയെന്ന് പ്രധാനമന്ത്രി മനസിലാക്കണം. ഉറച്ച തീരുമാനങ്ങളും നയതന്ത്രവുമാണ് ഇപ്പോള്‍ വേണ്ടത്. കള്ളപ്രചാരണം നയതന്ത്രത്തിന് പകരമാവില്ല, ചൈനയുടെ ഭീഷണിക്ക് മുന്നിൽ കീഴടങ്ങരുത്, നിലവിലെ പ്രതിസന്ധി വലുതാക്കരുതെന്നും മന്‍മോഹന്‍ കത്തില്‍ പറഞ്ഞു.

രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച കേണൽ ബി സന്തോഷ് ബാബുവിനും മറ്റു ജവാന്മാർക്കും നീതി ഉറപ്പാക്കുന്നതിന് വേണ്ടി സാഹചര്യത്തിന് അനുസരിച്ച് പ്രധാനമന്ത്രിയും സർക്കാരും ഉയർന്ന് പ്രവർത്തിക്കണം.  അവരുടെ വീരമൃത്യു വെറുതെയാകരുത്. സര്‍ക്കാർ എടുക്കുന്ന ഇപ്പോഴത്തെ തീരുമാനങ്ങള്‍ ചരിത്രപരമായിരിക്കും.

ചൈന പലപ്പോഴായി ഇന്ത്യന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ തങ്ങളുടേതാണെന്ന അവകാശവാദം ഉന്നയിക്കുകയാണ്. രാജ്യത്തിന്റെ പരമാധികാരത്തില്‍ വിട്ടുവീഴ്ച ചെയ്യരുത്. ഇപ്പോഴത്തെ എല്ലാ പ്രതിസന്ധികളും മറികടക്കാന്‍ സാധിക്കുന്ന വിധത്തില്‍ സര്‍ക്കാര്‍ വകുപ്പുകളും ഏജന്‍സികളും പ്രവര്‍ത്തിക്കുന്നുവെന്ന് പ്രധാനമന്ത്രി ഉറപ്പാക്കണം. പ്രധാനമന്ത്രിയുടെ വാക്കുകളെടുത്ത് ചൈനയെ തങ്ങളുടെ ഭാഗം ന്യായീകരിക്കാൻ അനുവദിക്കരുത്. സർക്കാരിന്റെ എല്ലാ മന്ത്രാലയങ്ങളും ഈ വിഷയം ഒരേ രീതിയിൽ കൈകാര്യം ചെയ്യണം. പലരീതിയിൽ സംസാരിക്കുന്നത് രാജതാല്പര്യത്തിന് ചേർന്നതല്ലെന്നും മൻമോഹൻസിങ് മുന്നറിയിപ്പ് നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button