രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു
ഡൽഹി : രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു. തുടര്‍ച്ചയായ പതിനാറാം ദിവസമാണ് ഇന്ധന വില ഉയരുന്നത്. പെട്രോളിന് ലിറ്ററിന് 33 പൈസയും ഡീസലിന് 55 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. ഇതോടെ എട്ട് രൂപയിലേറെയായി. 16 ദിവസത്തിനിടെ പെട്രോളിന് 8.33 രൂപയും, ഡീസലിന് 8.98 രൂപയുമാണ് വര്‍ധിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ ഡീസലിന് 76 രൂപ 12 പൈസയും പെട്രൊളിന് 81 രൂപ 28 പൈസയും നിലവില്‍ നല്‍കണം. 19 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് പെട്രൊള്‍ വില.
ജൂണ്‍ ഏഴ് മുതലാണ് ഇന്ധന വില ഉയരാന്‍ തുടങ്ങിയത്. ഇതിനിടയില്‍ അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുറഞ്ഞിട്ടും ഇന്ധന വില വര്‍ധിപ്പിച്ചിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ അസംസ്കൃത എണ്ണവില ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് നേരിട്ടിരുന്നു.
ലോക്ക് ഡൗണിന് ശേഷം രാജ്യങ്ങള്‍ തുറന്നതോടെ രാജ്യാന്തര തലത്തില്‍ എണ്ണവില കൂടാനും തുടങ്ങി. ലോക്ക് ഡൗണ്‍ മൂലമുണ്ടായ വന്‍ നഷ്ടം നികത്താനായി വരും മാസങ്ങളിലും രാജ്യത്ത് എണ്ണവില കമ്പനികള്‍ ഉയര്‍ത്താനാണ് സാധ്യത.
അടുത്ത ഒരു മാസത്തേക്ക് കൂടി എണ്ണ ഉല്‍പാദനം വെട്ടിച്ചുരുക്കാന്‍ എണ്ണ ഉല്‍പാദന രാജ്യങ്ങളുടെ സംഘടനയായ ഒപെകും റഷ്യയും നേരത്തെ തീരുമാനിച്ചിരുന്നു. ജൂലൈ വരെ എണ്ണ ഉല്‍പാദനം കുറക്കുന്നത് തുടരുമെന്നാണ് ഒപെകും റഷ്യയും അറിയിച്ചത്. അന്താരാഷ്ട്ര തലത്തില്‍ എണ്ണവില കുറഞ്ഞതും രാജ്യവ്യാപക അടച്ചുപൂട്ടലും കാരണം 82 ദിവസത്തോളം ഇന്ധനവില മാറ്റമില്ലാതെ തുടര്‍ന്നിരുന്നു. പിന്നീടാണ് ജൂണ്‍ ഏഴ് മുതല്‍ വില വര്‍ധിപ്പിക്കാന്‍ തുടങ്ങിയത്.