സംസ്ഥാനത്ത് ഇന്ന്141 പേർക്കു കൂടി കോവിഡ്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന്141 പേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇതുവരെയുള്ള ഏറ്റവും വലിയ പ്രതിദിന വർധനയാണിത്. പത്തനംതിട്ട-27, പാലക്കാട്-27, ആലപ്പുഴ-19, തൃശ്ശൂർ-14, എറണാകുളം-13, മലപ്പുറം-11, കോട്ടയം-8, കോഴിക്കോട്-6, കണ്ണൂർ-6, തിരുവനന്തപുരം-4, കൊല്ലം-4, വയനാട്-2 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വാർത്താസമ്മേളനത്തിൽ അറിയിച്ചത്.
സംസ്ഥാനത്തെ സ്ഥിതി രൂക്ഷമാവുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതോടൊപ്പം രോഗലക്ഷണങ്ങളില്ലാതെ രോഗബാധിതരാകുന്ന ചില കേസുകളുണ്ട്. ഉറവിടം കണ്ടെത്താനാകാത്ത ചില കേസുകളും ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് ഒരാൾ കോവിഡ് മൂലം മരിച്ചു. കൊല്ലം മായനാട് സ്വദേശി വസന്ത് കുമാറാണ് മരിച്ചത്. ഡൽഹിയിൽനിന്നാണ് ഇദ്ദേഹം എത്തിയത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 79 പേർ വിദേശത്തുനിന്ന് വന്നവരാണ്. 52 പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്നാണ് വന്നത്. ഒ മ്പതുപേർക്ക് സമ്പർക്കം മൂലമാണ് രോഗബാധയുണ്ടായത്. ഒരു ഹെൽത്ത് വർക്കർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്നവരിൽ രോഗം സ്ഥിരീകരിച്ചവർ: ഡൽഹി-16, തമിഴ്നാട്-14, മഹാരാഷ്ട്ര-9, പശ്ചിമ ബംഗാൾ-2, ഉത്തർ പ്രദേശ്-2, കർണാടക-2, ഹരിയാണ-2, ആന്ധ്രപ്രദേശ്-2, മധ്യപ്രദേശ്-1, മേഘാലയ-1, ഹിമാചൽ പ്രദേശ്-1.
സംസ്ഥാനത്ത് ഇന്ന് 60 പേരാണ് രോഗമുക്തി നേടിയത്.മലപ്പുറം-15, കോട്ടയം-12, തൃശ്ശൂർ-10, എറണാകുളം-6, പത്തനംതിട്ട-6, കൊല്ലം-4, തിരുവനന്തപുരം-3, വയനാട്-3, കണ്ണൂർ-1എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്.
4,473 സാമ്പിളുകളാണ് ഇന്ന് പരിശോധിച്ചത്. ഇതുവരെ 3,451 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. നിലവിൽ ചികിത്സയിലുള്ളത് 1620 പേരാണ്. 1,50,196 പേരാണ് നിരീക്ഷണത്തിലുള്ളത്. 2,206 പേർ ആശുപത്രികളിലും നിരീക്ഷണത്തിൽ കഴിയുന്നു. ഇന്ന് 275 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 1,44,649 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 3,661 സാമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്.
ഇതുവരെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി മുൻഗണന വിഭാഗത്തിൽപ്പെട്ട 39,518 സാമ്പിളുകളാണ് ശേഖരിച്ചത്. ഇതിൽ 38,551 സാമ്പിളുകൾ നെഗറ്റീവായി. ഹോട്ട്സ്പോട്ടുകളുടെ എണ്ണം 111 ആയി. വിവിധ ജില്ലകളിൽ 100 ൽ കൂടുതൽ രോഗികൾ ചികിത്സയിലുണ്ട്. മലപ്പുറം- 201 പാലക്കാട്- 154, കൊല്ലം- 150, എറണാകുളം- 127, പത്തനംതിട്ട- 126, കണ്ണൂർ- 120, തൃശ്ശൂർ- 113, കോഴിക്കോട്- 107, കാസർകോട്- 102