സംസ്ഥാനത്ത് സമൂഹവ്യാപന സാധ്യത ഒഴിഞ്ഞിട്ടില്ല; കരുതല്‍ വീട്ടിനുള്ളിലും വേണം
തിരുവനന്തപുരം : കൊവിഡ് വ്യാപനം തടയാന്‍ പൊതുസ്ഥലങ്ങളിലെടുക്കുന്ന കരുതല്‍ വീട്ടിനുള്ളിലും സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. രോഗ ലക്ഷണങ്ങളില്ലാത്തവര്‍ക്കും കൊവിഡ് സ്ഥിരീകരിക്കുന്നുണ്ട്. വൈറസ് ബാധിച്ച്, രോഗലക്ഷണമില്ലാതെ വീട്ടിലേക്ക് വന്നാല്‍ അവര്‍ പ്രായം ചെന്നവരിലേക്കും കുഞ്ഞുങ്ങളിലേക്കും രോഗം പകര്‍ത്തിയേക്കാം. അതുകൊണ്ടുതന്നെ, കുടുംബാംഗങ്ങളോട് ഇടപഴകുമ്പോഴും കരുതല്‍ വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് സമൂഹവ്യാപന സാധ്യത ഒഴിഞ്ഞിട്ടില്ലന്ന് മുഖ്യമന്ത്രി. രോഗത്തിന്റെ ഉറവിടം കണ്ടെത്താനാവാത്ത കേസുകൾ സമൂഹവ്യാപനത്തിലേക്കുള്ള സൂചനയാണ്. ഇന്ത്യ മൊത്തമായെടുത്താൽ ഉറവിടം കണ്ടെത്താനാവാത്ത കേസുകൾ 40 ശതമാനത്തിലധികമാണ്. കേരളത്തിലത് രണ്ട് ശതമാനത്തിൽ താഴെയാണ്. ബാക്കി 98 ശതമാനം കേസുകളിലും ഉറവിടം കണ്ടെത്താനായിട്ടുണ്ട്. ഉറവിടം കണ്ടെത്താനാവാത്ത സാഹചര്യങ്ങളിൽ കൃത്യമായ ഇന്റർവെൻഷൻ പ്രോട്ടോക്കോൾ പാലിക്കുന്നുണ്ട്. പ്രദേശങ്ങളെ കണ്ടെയ്ൻമെന്റ് സോണുകളാക്കി തിരിച്ച് സുരക്ഷാ നടപടികൾ സ്വീകരിക്കുന്നുണ്ട്. അതിനാൽതന്നെ ഇതു വരെ സമൂഹ വ്യാപനം തടയാൻ സാധിച്ചിട്ടുണ്ട്. എന്നാൽ അതിനർഥം സമൂഹ വ്യാപന ഭീഷണി ഒഴിഞ്ഞു പോയെന്നല്ലന്നും മുഖ്യമന്ത്രി പറഞ്ഞു.