News
എക്സൈസ് എൻഫോഴ്സ്മെന്റ് നാലു കിലോ ഗഞ്ചാവുമായി രണ്ടുപേരെ പിടികൂടി
അടിമാലി : അടിമാലി ആനച്ചാലിൽ എക്സൈസ് എൻഫോഴ്സ്മെന്റ് സംഘം നടത്തിയ റെയ്ഡിൽ നാലു കിലോ ഗഞ്ചാവുമായി രണ്ടുപേരെ പിടികൂടി.കുഞ്ചി തണ്ണി ഐക്കരമുക്കിൽ ഷാജി പീറ്റർ (50), ബൈസൺവാലി എട്ടൂർ കോളനിയിൽ സുബ്രമണ്യൻ മാടസ്വാമി (60) എന്നിവരാണ് പിടിയിലായത്.
എറണാകുളം ഭാഗത്ത് നിന്ന് വരുന്നവർക്ക് ഗഞ്ചാവ് കൈമാറ്റം ചെയ്യുന്നതിനായി അടിമാലി – മൂന്നാർ റോഡിലെ ആനച്ചാൽ പെട്രോൾ പമ്പിന് സമീപം ഗഞ്ചാവുമായി കാത്തു നിൽക്കുന്നതിനിടെയാണ് ഗഞ്ചാവുമായി ഇരുവരും പിടിയിലായത്.എക്സൈസ് ഡിപ്പാർട്ട്മെന്റ് ഡിസംബർ അഞ്ചു മുതൽ ജനുവരി അഞ്ചു വരെ നടത്തുന്ന സ്പെഷ്യൽ ഡ്രൈവ് പീരിയഡിന്റെ ഭാഗമായി നടത്തിയ റെയ്ഡിലാണ് ഗഞ്ചാവ് പിടികൂടിയത്.
കിലോക്ക് ആറായിരം രൂപ നിരക്കിൽ ആന്ധ്രയിൽ നിന്നും കൊണ്ടുവരുന്ന ഗഞ്ചാവ് ഇരുപത്തിനാലായിരം രൂപ നിരക്കിലാണ് ഷാജിയും സുബ്രമണ്യനും ചേർന്ന് വിൽപ്പന നടത്തിയിരുന്നത്.നാർകോട്ടിക് സ്ക്വാഡിലെ ഷാഡോ ടീമംഗങ്ങൾ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇരുവരും പിടിയിലായത്.
പ്ലാസ്റ്റിക് ചാക്കിൽ ഗന്ധം പുറത്തുവരാത്ത രീതിയിൽ പായ്ക്ക് ചെയ്താണ് ഗഞ്ചാവ് കൈവശം സൂക്ഷിച്ചിരുന്നത്.പ്രതികളെ അടിമാലി കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം കെ പ്രസാദിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ കെ എച്ച് രാജീവ്, ജോൺസൺ എ , സിവിൽ എക്സൈസ് ഓഫീസർമാരായ കെ എസ് അസീസ്, കെ എസ് മീരാൻ , സാന്റി തോമസ്, ഹാരിഷ് മൈതീൻ, സിന്ധു എൻ എസ് , ശരത് എസ് പി എന്നിവർ പങ്കെടുത്തു.
