എസ്എൻഡിപി യൂണിയൻ സെക്രട്ടറി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ
ആലപ്പുഴ : എസ്എൻഡിപി യൂണിയൻ സെക്രട്ടറിയെ ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയായ കെ.കെ. മഹേശനെയാണ് എസ്എൻഡിപി യൂണിയൻ ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ബുധനാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. മഹേശന്റെ ബന്ധു ഫോണിൽ വിളിച്ച് കിട്ടാതിരുന്നിട്ട് ഓഫീസിൽ തിരക്കിഎത്തിയപ്പോഴാണ് ഓഫീസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മഹേശന്റെ വാഹനം ഓഫീസിന് പുറത്ത് നിർത്തിയിട്ടിരുന്നു. തുടർന്ന് ഓഫീസിനുള്ളിൽ കയറി പരിശോധിച്ചപ്പോഴാണ് തൂങ്ങിയനിലയിൽ കണ്ടത്.
ദീർഘനാളായി കണിച്ചുകുളങ്ങര യൂണിയന്റെ സെക്രട്ടറിയാണ് മഹേശൻ. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. മൈക്രോ ഫിനാൻസ് കോ-ഓർഡിനേറ്റർ, ചേർത്തല യൂണിയൻ അഡ്മിനിസ്ട്രേറ്റർ തുടങ്ങിയ പദവികളും വഹിച്ചിരുന്നു. മഹേശന്റേത് ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ആത്മഹത്യാക്കുറിപ്പ് ലഭിച്ചതായും ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നും പോലീസ് പറഞ്ഞു.