ജില്ലാ ജഡ്ജിമാരെ തള്ളി, സിപിഎം നോമിനി ബാലാവകാശ കമ്മീഷന് അധ്യക്ഷന്‍
തിരുവനന്തപുരം : ബാലാവകാശ കമ്മിഷന് അധ്യക്ഷനായി സി.പി.എം നോമിനി അഡ്വക്കേറ്റ് കെ വി മനോജ് കുമാറിനെ നിയമിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ജില്ലാ ജഡ്ജിമാരെ അടക്കം മറികടന്ന് യോഗ്യതാ മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തിയാണ് മനോജ് കുമാറിനെ നിയമച്ചിരിക്കുന്നത്. നിയമനം സംബന്ധിച്ച ആക്ഷേപങ്ങള്‍ മന്തിസഭ തള്ളി.
ചീഫ് സെക്രട്ടറി റാങ്കില്‍ വേതനം ലഭിക്കുന്ന അര്‍ദ്ധജുഡീഷ്യല്‍ അധികാരങ്ങളുള്ള പദവിയാണ് ബാലാവകാശ കമ്മിഷന് അധ്യക്ഷ പദവി. ഇതിൽ നിയമിക്കാനുള്ള മനോജ് കുമാറിന്റെ യോഗ്യതയായി സർക്കാർ പരിഗണിച്ചത് തലശേരി ബ്രണ്ണന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പിടിഎ അംഗമായിരുന്നു എന്നതാണ്. 27 അംഗ പട്ടികയില്‍ യോഗ്യതയില്‍ ഏറ്റവും പിന്നിലായിരുന്നു മനോജ്കുമാര്‍. കുട്ടികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ പ്രവൃത്തി പരിചയവും ദേശീയ അന്തര്‍ദേശീയ അംഗീകാരങ്ങള്‍ നേടിയവരും അപേക്ഷിക്കണമെന്നാണ് മാനദണ്ഡം.
എന്നാല്‍ സിപിഎം നോമിനിയെ നിയമിക്കാന്‍ യോഗ്യതാ മാനദണ്ഡങ്ങളിലും സര്‍ക്കാര്‍ മാറ്റം വരുത്തി. അംഗങ്ങളുടെ നിയമനത്തിന് വേണ്ട മിനിമം യോഗ്യത പോലും കമ്മീഷന് തലവന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചില്ല. മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തിജില്ലാ ജഡ്ജിമാരെയും ബാലാവകാശ പ്രവര്‍ത്തകരെയും മറികടന്ന് തലശേരിയിലെ മുന്‍ പിടിഎ അംഗം കെ വി മനോജ്കുമാറിനെ ഒന്നാം റാങ്കുകാരനാക്കുകയായിരുന്നു. സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ കെ ശൈലജ നേതൃത്വം നല്കിയ അഭിമുഖ പാനലാണ് യോഗ്യരെ മറികടന്ന് മനോജിനെ ഒന്നാമനാക്കിയത്.