തൃക്കുന്നപ്പുഴ, പുറക്കാട് ഗ്രാമപഞ്ചായത്തുകളിൽ നിരോധനാജ്ഞ
ആലപ്പുഴ : തൃക്കുന്നപ്പുഴ, പുറക്കാട് ഗ്രാമപഞ്ചായത്ത് അതിർത്തിക്കുള്ളിൽ നിരോധനാജ്ഞ. സിആർപിസി 144 പ്രകാരമാണ് ജില്ലാ കളക്ടർ നിരോധനാജ്ഞ പുറപ്പെടുവിച്ചത് . ജൂൺ 26 രാത്രി 12 മുതൽ ജൂലൈ 3 രാത്രി 12 വരെ ആണ് നിരോധനാജ്ഞ.
ജില്ലയിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ, കുട്ടനാട് താലൂക്കിലെ വെള്ളപ്പൊക്ക കെടുതികൾ ഒഴിവാക്കുവാൻ പുറക്കാട് വില്ലേജിലെ തോട്ടപ്പള്ളി സ്പിൽവേ ഡൗൺസ്ട്രീം പൂർവസ്ഥിതിയിലാക്കാൻ ഉള്ള പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്. ചില സംഘടനകളുടെ നേതൃത്വത്തിൽ ഈ പ്രദേശത്ത് പ്രതിഷേധ പരിപാടികൾ നടന്നു വരുന്നത് അക്രമാസക്തമാകാൻ സാധ്യതയുണ്ട്.
പ്രദേശങ്ങളിൽ സംഘർഷസാധ്യത നിലനിൽക്കുന്നതായി ബോധ്യപ്പെട്ടതിനാലും, പ്രതിഷേധ പരിപാടികൾക്ക് ആളുകൾ കൂട്ടം കൂടുന്നത് മൂലം കോവിഡ്19 സമൂഹ വ്യാപന സാധ്യത നിലനിൽക്കുന്നതിനാലും ജില്ലാ പോലീസ് മേധാവിയുടെ അഭ്യർത്ഥന പ്രകാരം തൃക്കുന്നപ്പുഴ പുറക്കാട് ഗ്രാമ പഞ്ചായത്ത് അതിർത്തിക്കുള്ളിൽ നിരോധനാജ്ഞ പുറപ്പെടുവിക്കുന്നു എന്ന് ജില്ലാ കളക്ടർ അറിയിച്ചു.