സംസ്ഥാനത്ത് ദീര്‍ഘദൂര ബസ് സര്‍വ്വീസുകള്‍ ഇന്ന് മുതല്‍
തിരുവനന്തപുരം : ലോക്ക് ഡൗണിനു ശേഷം സംസ്ഥാനത്ത് ദീര്‍ഘദൂര ബസ് സര്‍വ്വീസുകള്‍ ഇന്ന് മുതല്‍ ആരംഭിക്കുന്നു. തിരുവനന്തപുരത്ത് നിന്ന് തൃശ്ശൂര്‍ വരെ കെഎസ്ആര്‍ടിസി “റിലേ സര്‍വ്വീസുകള്‍” ആണ് ഇന്ന് തുടങ്ങുന്നത്. ഇന്ന് രാവിലെ 9 മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ ബസ് സ്റ്റേഷനില്‍ വച്ച് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന് പദ്ധതി ഉദ്ഘാടനം ചെയ്യും.
അന്തര്‍ ജില്ലാ യാത്രക്കാരുടെ ആവശ്യപ്രകാരമാണ് പുതിയ സര്‍വീസ് ആരംഭിക്കുന്നത്. ഓരോ മണിക്കൂര്‍ ഇടവിട്ട് തിരുവനന്തപുരത്ത് നിന്ന് തൃശൂരിലേക്കും തിരിച്ചുമാണ് സര്‍വീസ്. കൊല്ലം, ആലപ്പുഴ, എറണാകുളം എന്നീ ബസ് സ്റ്റേഷനുകളില്‍ യാത്രക്കാര്‍ക്ക് മാറിക്കയറി യാത്ര തുടരാവുന്ന വിധത്തിലാണ് സര്‍വീസുകളുടെ ക്രമീകരണം. രാത്രി 9 മണിയോടെ സര്‍വീസ് അവസാനിപ്പിക്കും.
അതേസമയം, തൃശൂരിലേക്ക് നേരിട്ട് ഒരു ബസായിരിക്കില്ല ഓടുന്നത്. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ബസ് കൊല്ലത്ത് എത്തിയാല്‍ അവിടെ നിന്നും ആലപ്പുഴയിലേക്ക് മറ്റൊരു ബസ് ആയിരിക്കും പോകുന്നത്. ആദ്യ ബസിലെ അതേ നമ്പരിലുള്ള സീറ്റും യാത്രക്കാര്‍ക്ക് ഉറപ്പായിരിക്കും.