കേന്ദ്രം കേരളത്തെ അഭിനന്ദിച്ചത് മണ്ടത്തരം തിരുത്തിയതിന്
ഡൽഹി : സംസ്ഥാന സര്‍ക്കാര്‍ അല്‍പ്പത്തരം കാണിച്ച് മലയാളികളെ നാണം കെടുത്തുന്നുവെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. വിദേശത്തുനിന്ന് പ്രവാസികളെ തിരികെ കൊണ്ടുവരുന്ന വിഷയത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയം സംസ്ഥാന ചീഫ് സെക്രട്ടറിക്ക് അയച്ചത് അഭിനന്ദന കത്തല്ലെന്നും, സർക്കാർ നേരത്തെ എടുത്ത മണ്ടൻ തീരുമാനം തിരുത്തിയതിലുള്ള കോംപ്ലിമെന്റാണെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
കോംപ്ലിമെന്റും കൺഗ്രാജുലേഷനും തമ്മിലുള്ള അർഥവ്യാത്യാസം അറിയാത്തവരാണോ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇരിക്കുന്ന പിആറുകാരെന്നും അദ്ദേഹം ചോദിച്ചു. കൊവിഡ് പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ കൊണ്ടു വരാവൂ എന്നാണ് ആദ്യം കേരളം കത്തിലൂടെ അറിയിച്ചത്. പിന്നീട് ഇത് നടപ്പിലാക്കാന്‍ സമയ പരിധി നീട്ടണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കി. ഇതില്‍ നിന്നെല്ലാം പിന്നീട് പിന്മാറി.
നേരത്തെ ഉന്നയിച്ച കാര്യങ്ങളില്‍ നിന്ന് പിന്‍മാറിയെന്ന കാര്യം ഗള്‍ഫിലെ അംബാസിഡര്‍മാരെ അറിയിക്കാം എന്നാണ് കേന്ദ്രസര്‍ക്കാര്‍ കത്തിലൂടെ പറഞ്ഞത്. അഭിനന്ദനമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് തെറ്റിദ്ധരിച്ച് കത്ത് പുറത്തുവിട്ടത് അൽപത്തരമാണെന്നും വി. മുരളീധരൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കേന്ദ്രം 24 ന് അയച്ച കത്ത് കേരളം പൂഴ്ത്തി വെക്കുന്നു. പ്രവാസികളെ തിരിച്ചെത്തിക്കുന്ന കാര്യത്തില്‍ ഓരോ സംസ്ഥാനത്തിനും ഓരോ നിലപാട് പ്രായോഗികമല്ലെന്നാണ് ആ കത്തില്‍ വ്യക്തമാക്കിയത്. 25 ന് അയച്ച കത്ത് അഭിനന്ദനം എന്നു പറഞ്ഞ് പുറത്തു വിടുന്നു. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള കത്തിടപാടില്‍ സ്വീകരിക്കുന്ന മാന്യതയാണ് അതിലെ വാക്കുകള്‍.
സംസ്ഥാനം കോവിഡിനെതിരെയുള്ള യുദ്ധത്തിനിടെ അല്‍പത്തരം കാണിക്കുന്നു. പിആര്‍ വര്‍ക്കിനായി കേന്ദ്രത്തിന്റെ കത്ത് ഉപയോഗിക്കുന്നുവെന്നു. പി.ആർ വർക്കിലൂടെ കോവിഡിനെ പ്രതിരോധിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. പിആർ വർക്കല്ല ഇപ്പോൾ പ്രധാനം. അതിനുപയോഗിക്കുന്ന പണം ക്വാറന്റീൻ സംവിധാനത്തിനും ടെസ്റ്റ് വർധിപ്പിക്കുന്നതിനും ഉപയോഗിക്കണം. ദേശീയ തലത്തിൽ ടെസ്റ്റിങ് ശരാശരിയിൽ കേരളം 28ാമതമാണ്. കേരളത്തിൽ ഒരു ലക്ഷത്തിൽ 372 പേരെയാണ് ടെസ്റ്റ് ചെയ്യുന്നത്. ദേശീയ ശരാശരി 553 ആണ്. ദേശീയ ശരാശരിൽ നമ്മളേക്കാൾ മുന്നിൽ 27 സംസ്ഥാനങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.