Top Stories

ഉറവിടം അറിയാത്ത കേസുകൾ കൂടുന്നു; തലസ്ഥാനത്ത് കനത്ത ജാഗ്രത

തിരുവനന്തപുരം :  തലസ്ഥാനത്ത് ഉറവിടം അറിയാത്ത കേസുകളുടെ എണ്ണം ഉയരുകയാണ്. പുതിയ രണ്ട് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ തലസ്ഥാനത്ത് ഉറവിടം അറിയാത്ത  വൈറസ് ബാധിതരുടെ എണ്ണം 15 ആയി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന് പോകുന്നവരുടെ എണ്ണം കൂടുതലായതിനാല്‍ തിരുവനന്തപുരത്ത് അതീവ ശ്രദ്ധ വേണമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. അതിനാല്‍ ജില്ലയിലെ പരിശോധനകളുടെ എണ്ണം കുത്തനെ കൂട്ടാനാണ് തീരുമാനം.

തിരുവനന്തപുരം നഗരത്തിൽ കൂടുതല്‍ പ്രദേശങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ആറ് വാര്‍ഡുകളിലാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ആറ്റുകാല്‍ ( 70-ാം വാര്‍ഡ് ), കുരിയാത്തി ( 73 -ാം വാര്‍ഡ് ), കളിപ്പാന്‍ കുളം ( 69 -ാം വാര്‍ഡ് ), മണക്കാട് ( 72 -ാം വാര്‍ഡ് ), ടാഗോര്‍ റോഡ് തൃക്കണ്ണാപുരം ( 48 -ാം വാര്‍ഡ്), പുത്തന്‍പാലം വള്ളക്കടവ്( 88 -ാം വാര്‍ഡ്) എന്നിവയാണ് ജില്ലാ കളക്ടര്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചത്. ഇവിടെ ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കും. ചാല, നെടുംകാട്, കാലടി, കമലേശ്വരം, അമ്പലത്തറ എന്നിവിടങ്ങള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ട മേഖലകളായി കണക്കാക്കും.

ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ വിഎസ്‌എസ്‍സിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. ഇദ്ദേഹത്തോടൊപ്പം ജോലി ചെയ്തിരുന്ന 12 പേരെ നിരീക്ഷണത്തിലാക്കി. ഇദ്ദേഹം ജോലി ചെയ്തിരുന്ന വിഭാഗം അണുവിമുക്തമാക്കും. വലിയശാലയിലെ ഭാര്യവീട്ടില്‍ നിന്നാണ് ഇയാള്‍ ആശുപത്രിയിലേക്ക് പോയത്. അതിനാല്‍ രണ്ട് സ്ഥലങ്ങളും നിരീക്ഷണത്തിലാക്കി.

വിഎസ്‍എസിയിലെ മുന്‍ ഉദ്യോഗസ്ഥനായ വള്ളക്കടവ് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.ഇദ്ദേഹം കുളത്തൂരിലെ ബന്ധുവീട്ടില്‍ 23 നടന്ന വിവാഹചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരോടും കോറന്റനില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു.

അതേസമയം, നേരത്തെ കൊവിഡ് സ്ഥിരീകരിച്ച മണക്കാട് സ്വദേശിയായ ഓട്ടോ ഡ്രൈവറില്‍ നിന്ന് മൂന്ന് പേര്‍ക്ക് കൂടി രോഗം പിടിപെട്ടു. ഇയാളുടെ മൂന്ന് ബന്ധുക്കള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ഓട്ടോ ഡ്രൈവറില്‍ നിന്ന് രോഗം കിട്ടിയവരുടെ എണ്ണം ആറായി. ഓട്ടോ ഡ്രൈവര്‍ സഞ്ചരിച്ച പ്രദേശങ്ങളില്‍ നിന്ന് ശേഖരിച്ച 869 സാമ്പിളുകളുടെ ഫലം കൂടി കിട്ടാനുണ്ട്.സമ്പര്‍ക്കത്തിലൂടെയുള്ള മൂന്ന് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മണക്കാട് മേഖല അതീവ ജാഗ്രതയിലായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button