ഇന്ത്യയിൽ കൊറോണ ബാധിതരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു
ന്യൂഡൽഹി : ഇന്ത്യയിൽ കൊറോണ ബാധിതരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു. 5,08,953 പേർക്കാണ് രാജ്യത്ത് ഇതുവരെ കൊറോണ ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത്18,552 പേർക്കാണ്. പ്രതിദിന രോഗബാധയില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. 24 മണിക്കൂറിനിടെ 384 പേർ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 15,685 ആയി. 1,97,387 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 2,95,881 പേർ രാജ്യത്ത് രോഗമുക്തരായി.
മഹാരാഷ്ട്ര, ദില്ലി, തമിഴ്നാട് സംസ്ഥാനങ്ങളില്‍ രോഗികളുടെ എണ്ണം ദിനം പ്രതി വര്‍ധിക്കുകയാണ്. രാജ്യത്തെ ആകെ രോഗികളുടെ അന്‍പത്തിയൊമ്പത് ശതമാനവും ഈ സംസ്ഥാനങ്ങളിലാണ്. മഹരാഷ്ട്രയിൽ രോഗികളുടെ എണ്ണം ഒന്നരലക്ഷം കടന്ന് 1,52,765 ആയി. 7106 പേർ മഹാരാഷ്ട്രയിൽ മരണപ്പെട്ടു.
ഡൽഹിയിൽ 77,240 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 2492 പേർ മരിച്ചു. ദില്ലിയില്‍ പരിശോധനകള്‍ കൂട്ടിയതോടെ ദിവസേന മൂവായിരത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. രോഗവ്യാപന തോത് കണ്ടെത്താന്‍ ദില്ലിയില്‍ ഇന്ന് മുതല്‍ സിറോ സര്‍വ്വേക്ക് തുടക്കമാകും. വീടുകള്‍ തോറും പരിശോധന കോവിഡ് ഉണ്ടാകും.
തമിഴ്നാട്ടിൽ 74,622 പേർക്ക് രോഗവും 957 മരണവും റിപ്പോർട്ട് ചെയ്തു. 30095 പേർക്ക് കോവിഡ് കണ്ടെത്തിയ ഗുജറാത്തിൽ 1771 പേരാണ് മരിച്ചത്. കേരളത്തിൽ ഇന്നലെ 150 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതടക്കം 3876 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചിട്ടുള്ളത്. 22 മരണവുമുണ്ടായി.