കൊച്ചി ബ്ലാക്ക്മെയില്‍ കേസ്: മുഖ്യപ്രതി അറസ്റ്റില്‍
കൊച്ചി : നടി ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. പുലര്‍ച്ചെ പാലക്കാട്ട് വച്ചാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അതീവ രഹസ്യമായാണ് പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ഇയാളെ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്ത് വരികയാണ്.
ഇന്നലെയും ഇന്നുമായി കൂടുതല്‍ മോഡലുകള്‍ ഇതേസംഘത്തിനെതിരെ ലൈംഗികചൂഷണമടക്കം ഉണ്ടായെന്ന പരാതിയുമായി രംഗത്ത് വന്നിരുന്നു. ഇവരുടെ എല്ലാവരുടെയും പരാതികളില്‍ വെവ്വേറെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാതെ എല്ലാം ഒറ്റ കേസായി പരിഗണിച്ച് ശക്തമായ കേസും തെളിവുകളും ശേഖരിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്.
ഇതിനിടെ, കേസ് പിന്‍വലിക്കാനുള്ള ശക്തമായ സമ്മര്‍ദ്ദം പല ഭാഗത്തു നിന്നുമുണ്ടെന്ന് പരാതി നല്‍കിയ ഒരു യുവമോഡല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇരകള്‍ക്ക് ആര്‍ക്കെങ്കിലും അത്തരമൊരു പരാതിയുണ്ടെങ്കില്‍ ഉടനടി പൊലീസിനെ സമീപിക്കണമെന്നും, എല്ലാ സുരക്ഷയും ഒരുക്കുമെന്നും കേസന്വേഷിക്കുന്ന ഡിസിപി പൂങ്കുഴലിയും ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
ഷംനാ കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത് കെണിയില്‍ പെടുത്താനുള്ള പ്രധാനപദ്ധതി തയ്യാറാക്കിയത് ഷെരീഫാണെന്നാണ് അച്ഛന്‍ കാസിം വ്യക്തമാക്കുന്നത്. എന്നാല്‍ ഷെരീഫ് മാത്രമല്ല, ഇനിയും കൂടുതല്‍ പേര്‍ ഇതില്‍ അംഗങ്ങളാണെന്നും തട്ടിപ്പിനും ഭീഷണിക്കും ചൂഷണത്തിനുമിരയായ യുവമോഡല്‍ വ്യക്തമാക്കുന്നു. ഇതേ സംഘത്തിലെ ആളുകളാണ് സ്വര്‍ണ്ണക്കടത്തിന് നിര്‍ബന്ധിച്ചതെന്നാണ് യുവമോഡല്‍ വ്യക്തമാക്കുന്നത്.
അതേസമയം, ഷംനാ കാസിമുമായി ബന്ധപ്പെട്ട കേസില്‍ എല്ലാ പ്രതികളും പിടിയിലായെന്ന് ഡിസിപി പൂങ്കുഴലി വ്യക്തമാക്കുന്നു. പുതിയ പരാതികളില്‍ അന്വേഷണം നടക്കുകയാണ്. കേസില്‍ സിനിമാമേഖലയിലും സീരിയല്‍ മേഖലയിലും ഉള്ളവര്‍ക്ക് പങ്കുണ്ടോ എന്ന വിവരവും പൊലീസ് അന്വേഷിയ്ക്കുന്നുണ്ട്.