News

കോഴിക്കോട് ജ്വല്ലറിയിൽ വന്‍ തീപിടുത്തം; 4 പേർ ആശുപത്രിയിൽ

കോഴിക്കോട് : കോഴിക്കോട് കോട്ടൂളിയില്‍ അപ്പോളോ ജ്വല്ലറി ഷോറൂമില്‍ വന്‍ തീപിടുത്തം. ആഭരണ നിര്‍മ്മാണമടക്കം നടക്കുന്ന കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. മൂന്ന് നിലകളുള്ള ജ്വല്ലറിക്കകത്ത് കുടുങ്ങിക്കിടന്ന നാല് പേരെ രക്ഷപ്പെടുത്തി. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തീപിടുത്തം നിയന്ത്രണവിധേയമായെന്നും അഗ്നി ശമന യൂണിറ്റ് അംഗങ്ങള്‍ വ്യക്തമാക്കി. നാല് അഗ്നിശമനസേന യൂണിറ്റെത്തിയാണ് തീയണച്ചത്.

പാര്‍ക്കിംഗ് ഏരിയയിലുണ്ടായിരുന്ന 22 ബൈക്കുകള്‍, 3 കാറുകള്‍, ഒരു ഓട്ടോറിക്ഷ എന്നിവ കത്തിനശിച്ചു.സ്ഥാപനത്തിനുള്ളില്‍ ഉണ്ടായിരുന്ന മാലിന്യത്തിന് തീപിടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് വിവരം. ജീവനക്കാരുള്‍പ്പെടെ നിരവധിപ്പേരാണ് അപകടസമയത്ത് കെട്ടിടത്തിനുള്ളിലുണ്ടായിരുന്നത്.

ആഭരണങ്ങളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ചില രാസ വസ്തുക്കള്‍ ജ്വല്ലറിയിലുണ്ടായിരുന്നതാണ് തീ പെട്ടന്ന് പടരാന്‍ കാരണമായത്. കഴിഞ്ഞ വര്‍ഷമായിരുന്നു ഈ കെട്ടിടത്തിന്‍റെ നി‍ര്‍മ്മാണം പൂര്‍ത്തിയായത്. വെന്‍റിലേഷന്‍ കുറച്ചുമാത്രമുള്ള കെട്ടടമായതിനാല്‍ പുകപുറത്ത് പോകാന്‍ പോലും കഴിയുന്നുണ്ടായിരുന്നില്ല. കോഴിക്കോട് നഗരത്തില്‍ നിന്നും നാല് കിലോമീറ്ററിനുളളിലാണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button