News
ബിവറേജസ് ഔട്ട്‍ലെറ്റുകള്‍ അടച്ചിടില്ല;വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിയ്ക്കും: ബിവറേജസ് കോര്‍പ്പറേഷന്‍
തിരുവനന്തപുരം: മാര്‍ച്ച് 31 വരെ സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‍ലെറ്റുകള്‍ അടച്ചിടുമെന്ന വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടികളിലേക്ക് നീങ്ങുമെന്ന് കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍ എംഡി വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. കൊവിഡ് 19നെ പ്രതിരോധിക്കാന്‍ സംസ്ഥാനം ഒന്നാകെ പൊരുതുമ്പോള്‍ വ്യാജ വാര്‍ത്തകളും വേഗത്തില്‍ പ്രചരിക്കുന്നുണ്ട്.
സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് പ്രധാനമായും വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. അതില്‍ ഒന്നാണ് മാര്‍ച്ച് 31 വരെ സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‍ലെറ്റുകള്‍ അടച്ചിടുമെന്നുള്ളത്. നിലവില്‍ കൊവിഡ് 19 സ്ഥിരീകരിച്ച റാന്നി ഭാഗത്തെ ചില ബിവറേജസ് ഔട്ട്‍ലെറ്റുകള്‍ മാത്രമാണ് അടച്ചിട്ടിരുന്നത്.
മാര്‍ച്ച് 31 വരെ സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‍ലെറ്റുകള്‍ അടച്ചിടുമെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും അത്തരത്തില്‍ ഒരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്നും കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍ എംഡി സപ്ര്‍ജന്‍ കുമാര്‍ അറിയിച്ചു.