നാട്ടകത്ത് കണ്ടെത്തിയ മൃതദേഹ അവശിഷ്ടങ്ങള്‍ കുടവെച്ചൂരിൽ നിന്ന് കാണാതായ യുവാവിന്റേത്
കോട്ടയം : നാട്ടകത്ത് നിന്ന് കണ്ടെത്തിയ മൃതദേഹ അവശിഷ്ടങ്ങള്‍ കുടവെച്ചൂര്‍ വെളുത്തേടത്തുചിറയില്‍ ഹരിദാസിന്റെ മകന്‍ ജിഷ്ണു (23)വിന്റേതാണെന്ന് തിരിച്ചറിഞ്ഞു. ജൂണ്‍ മൂന്നിന് കുടവെച്ചൂരില്‍ നിന്നാണ് ജിഷ്ണുവിനെ കാണാതായത്. ജിഷ്ണുവിന്റെ വസ്ത്രങ്ങളും ചെരുപ്പും ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. മൃതദേഹാവശിഷ്ടങ്ങള്‍ ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യും.
യുവാവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും ബന്ധുക്കള്‍ പറഞ്ഞു. ജൂണ്‍ മൂന്നിനാണ് ഇയാളെ കാണാതായത്. കുമരകം ആശിര്‍വാദ് ബാറിലെ ജീവനക്കാരനായിരുന്നു.
രാവിലെ എട്ടിന് വീട്ടില്‍ നിന്നിറങ്ങിയ ജിഷ്ണു സൈക്കിള്‍ ശാസ്തക്കുളത്തിന് സമീപം വെച്ച് ബസില്‍ കുമരകത്തേക്ക് തിരിച്ചു. യാത്രക്കിടെ ബാറില്‍ ജീവനക്കാരനായ സുഹൃത്തിനെ വിളിച്ചിരുന്നു. എട്ടേമുക്കാലോടെ ജിഷ്ണുവിന്‍റെ ഫോണ്‍ ഓഫായി പിന്നീട് യാതൊരു വിവരവുമില്ല.
രാത്രി ഏഴ് മണിയോടെ ബാര്‍ മാനേജരടക്കം നാലുപേര്‍ ജിഷ്ണുവിനെ അന്വേഷിച്ച് വീട്ടിലെത്തിയപ്പോളാണ് മാതാപിതാക്കള്‍ വിവരം അറിഞ്ഞത്. രാത്രി തന്നെ അന്വേഷണം ആരംഭിച്ച വൈക്കം പൊലീസിന് 20 ദിവസത്തിലേറെ അന്വേഷിച്ചിട്ടും യുവാവിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.