Politics

കോട്ടയം ജില്ലാ പഞ്ചായത്തില്‍ പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ ജോസഫ് ഗ്രൂപ്പ്

കോട്ടയം : ജില്ലാ പഞ്ചായത്തില്‍ പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ ജോസഫ് ഗ്രൂപ്പ്. യു.ഡി.എഫ്‌. നിലപാടിനു വിരുദ്ധമായി കോട്ടയം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്‌ഥാനം കേരള കോൺഗ്രസ്‌ ജോസ് പക്ഷം ഒഴിയാന്‍ വിസമ്മതിക്കുന്നതിനാലാണ് ജോസഫ് പക്ഷത്തിന്റെ നീക്കം. ജോസ് കെ.മാണി വിഭാഗത്തിനെതിരെ ഉടനടി നീക്കം വേണമെന്ന ജോസഫ് വിഭാഗത്തിന്‍റെ നിലപാടിനോട്‌ കോണ്‍ഗ്രസിനുള്ളിൽ പൊതുവെ യോജിപ്പാണെങ്കിലും എതിർക്കുന്നവരും ഉണ്ട്.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസി‍ഡന്‍റ് സ്ഥാനം ജോസഫ് വിഭാഗത്തിന് നല്‍കണമെന്ന യു‍ഡിഎഫ് നിര്‍‍ദേശം ജോസ് വിഭാഗം വീണ്ടും തള്ളിയതോടെയാണ് മുന്നണിയിലെ പ്രതിസന്ധി കൂടുതല്‍ വഷളായത്. ഇതോടെയാണ് ഇനി കാത്തിരിക്കാനാകില്ലെന്നും കോട്ടയത്ത് അവിശ്വാസം വേണമെന്നുമുള്ള നിലപാടിലേക്ക് കോണ്‍ഗ്രസും എത്തിയത്.

യു.ഡി.എഫിലെ തമ്മിലടി മുതലെടുക്കാന്‍ നില്‍ക്കുന്ന എല്‍.ഡി.എഫ്‌. പിന്തുണച്ചാല്‍ ജോസ്‌ വിഭാഗം അവിശ്വാസത്തെ അതിജീവിക്കും. അതു കൊണ്ടു തന്നെ അവിശ്വാസത്തിലൂടെ ഒരു ഘടകകക്ഷിയെ മുന്നണിക്ക്‌ എതിരാക്കാന്‍ കോണ്‍ഗ്രസ്‌ ആഗ്രഹിക്കുന്നില്ല.

എന്നാല്‍ എന്ന് അവിശ്വാസപ്രമേയ നോട്ടീസ് നല്‍കണമെന്ന കാര്യത്തില്‍ തീരുമാനിച്ചിട്ടില്ലെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. യുഡിഎഫിനെ കേള്‍ക്കാത്ത ജോസ് കെ മാണിയുടെ നിലപാടില്‍ യുഡിഎഫ് ഒന്നാകെ അതൃപ്തരാണ്. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ ജോസ് വിഭാഗം നടത്തുന്ന വിലപേശല്‍ അംഗീകരിച്ചു കൊടുക്കേണ്ടെന്ന നിലപാടും യുഡിഎഫിലെ പ്രമുഖ കക്ഷികള്‍ക്കുണ്ട്

അവിശ്വാസ പ്രമേയമെന്ന സമ്മര്‍ദ്ദത്തില്‍ ജോസ് വിഭാഗം വഴങ്ങുമോയെന്നാണ് യുഡിഎഫ് ഉറ്റുനോക്കുന്നത്. എന്നാല്‍ ജോസ് പക്ഷം നിലപാട് വീണ്ടും കടുപ്പിച്ചതോടെ കേരള കോണ്‍ഗ്രസുകളുടെ തമ്മിലടി മുന്നണിയെ ആകെ പ്രതിസന്ധിയിലാക്കി. അവിശ്വാസ പ്രമേയം വന്നാലും ജോസ് കെ മാണി വിഭാഗത്തിന്‍റെ പ്രസിഡന്‍റിനെ പുറത്താക്കാന്‍ യുഡിഎഫിന് കഴിയില്ല. ജില്ലാ പഞ്ചായത്തില്‍ ഇടത് മുന്നണി ജോസ് കെ മാണിയെ പിന്തുണച്ചാല്‍ യുഡിഎഫിന് തിരിച്ചടിയാകും. ഈ പ്രതിസന്ധി എങ്ങനെ മറികടക്കുമെന്ന ചർച്ചകളാണ് യുഡിഎഫിൽ അധികവും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button