ടിക് ടോക്ക് ഉൾപ്പടെ 59 ചൈനീസ് ആപ്ലിക്കേഷനുകൾ ഇന്ത്യയിൽ നിരോധിച്ചു
ന്യൂഡൽഹി : രാജ്യ സുരക്ഷ മുൻനിർത്തി ടിക് ടോക്ക് ഉൾപ്പടെ 59 ചൈനീസ് ആപ്ലിക്കേഷനുകൾ കേന്ദ്രസർക്കാർ രാജ്യത്ത് നിരോധിച്ചു. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും പ്രതിരോധ സംവിധാനത്തിനും സുരക്ഷയ്ക്കും ക്രമസമാധാനത്തിനും വെല്ലുവിളി ഉയർത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ആപ്പുകൾ നിരോധിച്ചതെന്ന് കേന്ദ്രസർക്കാർ പ്രസ്താവനയിൽ വ്യക്തമാക്കി. ഫോൺ കമ്പനികളോട് ഈ ആപ്ലിക്കേഷനുകൾ ബ്ലോക്ക് ചെയ്യാൻ സർക്കാർ ആവശ്യപ്പെട്ടു.
ഷെയര്‍ ഇറ്റ്, ഹലോ, യുസി ബ്രൗസർ, വി മേറ്റ്, യു വീഡിയോ, എക്‌സന്‍ഡര്‍, ന്യൂസ് ഡോഗ് ഉള്‍പ്പെടെയുള്ള 59 മൊബൈല്‍ ആപ്പുകളാണ് നിരോധിച്ചത്. ചൈനീസ് സര്‍ക്കാരിന് ഡാറ്റകള്‍ ചോര്‍ത്തി നല്‍കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് ടിക് ടോക് നിരോധിക്കണമെന്ന ആവശ്യം നേരത്തെ ഉയര്‍ന്നിരുന്നു. എന്നാല്‍ അത്തരം ആരോപണങ്ങള്‍ ടിക് ടോക് നിഷേധിച്ചിരുന്നു. കമ്പനി ചൈനയിലല്ല പ്രവര്‍ത്തിക്കുന്നതെന്നും അതിനാല്‍ തന്നെ തങ്ങളുടെ ഡാറ്റകള്‍ ചൈനീസ് നിയമത്തിന്റെ കീഴില്‍ വരുന്നതല്ലെന്നുമാണ് ടിക് ടോക് പറഞ്ഞിരുന്നത്.
ഐടി ആക്ടിന്റെ 69 എഎ വകുപ്പ് പ്രകാരമാണ് ടിക് ടോക് അടക്കമുള്ള ആപ്ലിക്കേഷനുകള്‍ നിരോധിച്ചിരിക്കുന്നത്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണ് ഈ ആപ്ലിക്കേഷനുകള്‍ എന്നാണ് കേന്ദ്ര ഐടി വകുപ്പ് ചൂണ്ടിക്കാട്ടുന്നത്. രാജ്യത്തിന്റെ പ്രതിരോധസംവിധാനത്തെയും, സുരക്ഷയെയും ക്രമസമാധാനസംവിധാനത്തെയും ബാധിക്കുന്നതാണ് ഈ ആപ്ലിക്കേഷനുകള്‍ എന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.
ഡിജിറ്റല്‍ മാര്‍ക്കറ്റില്‍ മുന്നേറ്റനിരയിലുള്ള ഇന്ത്യയില്‍ പക്ഷേ, ആപ്ലിക്കേഷനുകള്‍ വ്യാപകമായി ഉപയോഗിക്കുന്ന 130 കോടി ഇന്ത്യന്‍ പൗരന്‍മാരുടെ സുരക്ഷയെ കണക്കിലെടുക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.