യുഡിഎഫ് തീരുമാനം രാഷ്ട്രീയ അനീതി; പുറത്താക്കിയത് കെഎം മാണിയെ
കോട്ടയം : കേരളാ കോണ്‍ഗ്രസിനെ പുറത്താക്കിയ യുഡിഎഫ് തീരുമാനം രാഷ്ട്രീയ അനീതിയെന്ന് ജോസ് കെ മാണി. ഐക്യ ജനാധിപത്യ മുന്നണിയെ 38 വര്‍ഷം പ്രതിസന്ധികളില്‍ സംരക്ഷിച്ച് വന്ന കെ എം മാണിയുടെ രാഷ്ട്രീയത്തെയാണ് യുഡിഎഫ് തള്ളിപ്പറഞ്ഞതെന്നും ജോസ് കെ മാണി പറഞ്ഞു. കോട്ടയത്തെ ഒരു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിന്റെ മാത്രം പ്രശ്നം അല്ല. ഇല്ലാത്ത ധാരണയുടെ പേരില്‍ രാജി വക്കണമെന്ന് പറയുന്നിടത്തെ നീതിയുടെ പ്രശ്നമാണെന്നും ജോസ് കെ മാണി തുറന്നടിച്ചു.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവക്കാത്തതുകൊണ്ടാണ് പുറത്താക്കിയത് എന്ന് പറയുന്നു. ഇത് സ്ഥാനമോ പദവിയോ അല്ല. ഇത് നീതിയുടെ പ്രശ്നമാണ്.ഇല്ലാത്ത ധാരണ ഉണ്ടെന്ന് പ്രഖ്യാപിച്ച് അത് പ്രകാരം രാജിവയ്ക്കണമെന്നാണ് പറയുന്നത്. അടിച്ചേല്‍പ്പിക്കുന്നതല്ല ധാരണ. കാലുമാറ്റക്കാരന് പാരിതോഷികം നല്‍കണമെന്ന് പറയുന്നത് അനീതിയാണ്. യുഡിഎഫ് നേതൃത്വം ഒരുതവണ പോലും പ്രശ്ന പരിഹാരത്തിനായി ചര്‍ച്ച ചെയ്തിട്ടില്ല.
ചിലത് യുഡിഎഫ് നേതൃത്വം ബോധപൂര്‍വം മറക്കുകയാണ്. ഇതിനെ സെലക്ടീവ് ഡിമന്‍ഷ്യ എന്നാണ് വിശേഷിപ്പിക്കേണ്ടത്. അച്ചടക്കത്തിന്റെ പേരിലാണ് നടപടി എടുത്തതെങ്കില്‍ ആയിരം വട്ടം അത് പിജെ ജോസഫിനെതിരെ എടുക്കണമായിരുന്നു. നിരന്തരമായി യുഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്നത് എത്രയോ തവണ പറഞ്ഞു. എന്നിട്ട് എന്തെങ്കിലും നടപടിയുണ്ടായോ. ഇപ്പോള്‍ യുഡിഎഫ് യുഡിഎഫ് വിടുമെന്ന ഭീഷണിപ്പെടുത്തിയപ്പോള്‍ യുഡിഎഫ് നേതൃത്വം അതിന് മുന്നില്‍ കീഴടങ്ങാന്‍ പാടില്ലായിരുന്നു. കേരളാ കോണ്‍ഗ്രസ് ഭംഗിയായി മുന്നോട്ടുപോകുമെന്നും ആത്മാഭിമാനം പണയപ്പെടുത്തില്ലെന്നും ജോസ് കെ മാണി പറഞ്ഞു.
പാർട്ടിക്കകത്തെ പ്രശ്നങ്ങള്‍ മുന്നണിക്കകത്ത് ചർച്ച ചെയ്യാനാണ് ശ്രമിച്ചത്. അതിനെ ഒരു ഘട്ടത്തിലും പിജെ ജോസഫ് അംഗീകരിച്ചിരുന്നില്ല. രാഷ്ട്രീയ അജണ്ട ബോധപൂർവ്വം നടപ്പാക്കുകയാണ് യുഡിഎഫ് നേതാക്കള്‍ ചെയ്തത്. പുറത്താക്കിയ വിവരം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. യുഡിഎഫില്‍ നടന്നത് വണ്‍വേ ചര്‍ച്ചയാണ്. നാളെ രാവിലെ പത്തരയ്ക്ക് സ്റ്റിയറിങ് കമ്മിറ്റി ചേരും . രാഷ്ട്രീയ നിലപാട് അതിന് ശേഷം പ്രഖ്യാപിക്കുമെന്നും ജോസ് കെ മാണി അറിയിച്ചു.