Month: June 2020
- News
കോഴിക്കോട് ബൈക്ക് മതിലിലിടിച്ച് യുവാവ് മരിച്ചു
കോഴിക്കോട് : ബേപ്പൂരില്‍ ബൈക്ക് മതിലിലിടിച്ച് യുവാവിന് ദാരുണാന്ത്യം. ശനിയാഴ്ച പുലര്‍ച്ചയോടെയാണ് അപകടമുണ്ടായത്. ബേപൂര്‍ സ്വദേശി ആകാശ് (20) ആണ് മരിച്ചത്. യുവാക്കള്‍ തമ്മില്‍ നടന്ന മത്സരയോട്ടമാണ് അപകടത്തില്‍ കലാശിച്ചത്. ആകാശിനൊപ്പം ബൈക്കില്‍ സഞ്ചരിച്ച സുഹൃത്ത് റിനിലിനും ഗുരുതരമായി പരിക്കേറ്റു. റിനിലിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ പ്രദേശത്ത് യുവാക്കളുടെ മത്സരയോട്ടം പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. അമിത വേഗതയിലെത്തിയ ബൈക്കിന് നിയന്ത്രണം നഷ്ടമായി മതിലില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ആകാശ് സംഭവസ്ഥലത്ത് തന്നെ മരിച്ചതായാണ് വിവരം.
Read More » - News
അതിതീവ്ര മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം : വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് കാലവര്‍ഷം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ഇന്ന് എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഞായറാഴ്ച ഒന്‍പത് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കേരളതീരത്ത് 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുളളതിനാല് മത്സ്യത്തൊഴിലാളികള്‍ മീന്‍ പിടിക്കാന്‍ പോകരുത്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ വസിക്കുന്നവര്‍, നദിക്കരകളില്‍ താമസിക്കുന്നവര്‍ തുടങ്ങിയവര്‍ പ്രത്യേക ജാഗ്രത പാലിക്കണം. കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു.
Read More » - News
രാജ്യത്ത് ഇന്ധന വില ഇന്നും വർധിപ്പിച്ചു
കൊച്ചി : തുടർച്ചയായ 21-ാം ദിവസും രാജ്യത്തെ ഇന്ധന വില കമ്പനികൾ വർധിപ്പിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 20 പൈസയും ഇന്ന് കൂട്ടി. ഇതോടെ ഒരു ലിറ്റർ ഡീസലിന് 10.45 രൂപയും പെട്രോൾ ലിറ്ററിന് 9.17 രൂപയുമാണ് കഴിഞ്ഞ മൂന്നാഴ്ചക്കിടെ എണ്ണ കമ്പനികൾ വർധിപ്പിച്ചത്. ഡൽഹിയിൽ പെട്രോൾ, ഡീസൽ വില തമ്മിൽ 2 പൈസയുടെ അന്തരം മാത്രമാണുള്ളത്. പെട്രോൾ ലിറ്ററിന് 80.38 രൂപയും ഡീസലിന് 80.40 രൂപയുമാണ് വില.
Read More » - News
തൃക്കുന്നപ്പുഴ, പുറക്കാട് ഗ്രാമപഞ്ചായത്തുകളിൽ നിരോധനാജ്ഞ
ആലപ്പുഴ : തൃക്കുന്നപ്പുഴ, പുറക്കാട് ഗ്രാമപഞ്ചായത്ത് അതിർത്തിക്കുള്ളിൽ നിരോധനാജ്ഞ. സിആർപിസി 144 പ്രകാരമാണ് ജില്ലാ കളക്ടർ നിരോധനാജ്ഞ പുറപ്പെടുവിച്ചത് . ജൂൺ 26 രാത്രി 12 മുതൽ ജൂലൈ 3 രാത്രി 12 വരെ ആണ് നിരോധനാജ്ഞ. ജില്ലയിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ, കുട്ടനാട് താലൂക്കിലെ വെള്ളപ്പൊക്ക കെടുതികൾ ഒഴിവാക്കുവാൻ പുറക്കാട് വില്ലേജിലെ തോട്ടപ്പള്ളി സ്പിൽവേ ഡൗൺസ്ട്രീം പൂർവസ്ഥിതിയിലാക്കാൻ ഉള്ള പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്. ചില സംഘടനകളുടെ നേതൃത്വത്തിൽ ഈ പ്രദേശത്ത് പ്രതിഷേധ പരിപാടികൾ നടന്നു വരുന്നത് അക്രമാസക്തമാകാൻ സാധ്യതയുണ്ട്. പ്രദേശങ്ങളിൽ സംഘർഷസാധ്യത നിലനിൽക്കുന്നതായി ബോധ്യപ്പെട്ടതിനാലും, പ്രതിഷേധ പരിപാടികൾക്ക് ആളുകൾ കൂട്ടം കൂടുന്നത് മൂലം കോവിഡ്19 സമൂഹ വ്യാപന സാധ്യത നിലനിൽക്കുന്നതിനാലും ജില്ലാ പോലീസ് മേധാവിയുടെ അഭ്യർത്ഥന പ്രകാരം തൃക്കുന്നപ്പുഴ പുറക്കാട് ഗ്രാമ പഞ്ചായത്ത് അതിർത്തിക്കുള്ളിൽ നിരോധനാജ്ഞ പുറപ്പെടുവിക്കുന്നു എന്ന് ജില്ലാ കളക്ടർ അറിയിച്ചു.
Read More » - News
കൈക്കൂലി കേസിൽ മുൻ സബ്‌രജിസ്റ്റാർക്ക് ഏഴ് വര്‍ഷം കഠിനതടവ്
കോഴിക്കോട് : കൈക്കൂലി കേസിൽ മുൻ വനിതാ സബ്‌രജിസ്റ്റാർക്ക് ഏഴ് വര്‍ഷം കഠിനതടവ്. ചേവായൂര്‍ സബ് രജിസ്ട്രാര്‍ ആയിരുന്ന കെടി ബീനയെയാണ് ശിക്ഷിച്ചത്. അഞ്ച് ലക്ഷത്തി അയ്യായിരം രൂപ പിഴയും ഈടാക്കാന്‍ കോടതി ഉത്തരവിട്ടു. കോഴിക്കോട് വിജിലന്‍സ് പ്രത്യേക കോടതിയുടെതാണ് വിധി. 5,000 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് നടപടി. ആധാരമെഴുത്തുകാരനും റിട്ട. വില്ലേജ് ഓഫീസറുമായ ഭാസ്‌കരനില്‍നിന്ന് വസ്തുവിന്റെ ആധാരം രജിസ്റ്റര്‍ ചെയ്യുന്നതിനായാണ് സബ് രജിസ്ട്രാര്‍ കൈക്കൂലി വാങ്ങിയത്. സബ് രജിസ്ട്രാര്‍ ആവശ്യപ്പെട്ട പണംനല്‍കാന്‍ പോകുന്നതിന് മുമ്പ് ഭാസ്‌കരന്‍ വിജിലന്‍സില്‍ പരാതി നല്‍കി. ഇതുപ്രകാരം കേസെടുത്ത വിജിലന്‍സ് ഫിനോഫ്ത്തലിന്‍ പുരട്ടിയ ആയിരത്തിന്റെ അഞ്ചുനോട്ടുകള്‍ നല്‍കുകകായിരുന്നു.തൊട്ടുപിന്നാലെ ഓഫീസിലെത്തിയ വിജിലന്‍സ് സംഘം രണ്ട് ഗസറ്റഡ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നടത്തിയ പരിശോധനയില്‍ സബ് രജിസ്ട്രാറുടെ കൈയില്‍ ഫിനാഫ്ത്തലിന്‍ സാന്നിധ്യം കണ്ടെത്തി. എങ്കിലും, കൈക്കൂലി വാങ്ങിയില്ലെന്ന നിലപാടില്‍ അവര്‍ ഉറച്ചുനിന്നു. തുടര്‍ന്ന് 15 വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ഒരു മണിക്കൂറിലേറെ നേരം ഓഫീസില്‍ നടത്തിയ തിരച്ചിലില്‍ റെക്കോര്‍ഡ് റൂമില്‍ രജിസ്റ്ററുകള്‍ക്കിടയില്‍നിന്ന് പണം കണ്ടെത്തുകയായിരുന്നു.
Read More » - News
യുവതിയെ വീട്ടിനുള്ളിൽ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
തൃശൂര്‍ : യുവതിയെ വീട്ടിനുള്ളിൽ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. എറവ് ചാലാപ്പിള്ളി പ്രസന്ന (49) യാണ് മരിച്ചത്. വിഷാദ രോഗത്തിന് ചികിത്സയിലായിരുന്ന യുവതി വീട്ടില്‍ തനിച്ചാണ് താമസിച്ചിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. അന്തിക്കാട് എസ്‌ഐ കെഎസ് സുശാന്തിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. കൊറോണ ടെസ്റ്റ് നടത്തിയ ശേഷം സംസ്‌കാരം പിന്നീട് നടക്കും. പരേതരായ ദേവകി അമ്മയുടെയും മാധവന്‍ നായരുടെയും മകളാണ് പ്രസന്ന. സഹോദരി: ജയ ഗോപി.
Read More »