News

65 വയസ്സിനു മുകളിലുള്ളവർക്ക് പോസ്റ്റൽ വോട്ട് അനുവദിക്കാൻ തീരുമാനം

ന്യൂഡൽഹി : രാജ്യത്ത് നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പുകളിൽ 65 വയസ്സിനു മുകളിലുള്ളവർക്ക് പോസ്റ്റൽ വോട്ട് അനുവദിക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചു. കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. കോവിഡ് 19 ബാധ സ്ഥീരീകരിച്ചവർക്കും നിരീക്ഷണത്തിലുള്ളവർക്കും രോഗബാധ സംശയിക്കുന്നവർക്കും പോസ്റ്റൽ വോട്ട് ചെയ്യാൻ അവസരം ലഭിക്കും. ഇതു സംബന്ധിച്ച് കേന്ദ്ര നിയമ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു.

80 വയസ്സിനു മേൽ പ്രായമുള്ള മുതിർന്ന പൗരൻമാർക്കും ശാരീരിക അവശതകളുള്ളവർക്കും പോസ്റ്റൽ വോട്ട് അനുവദിച്ചുകൊണ്ട് 2019 ഒക്ടോബറിൽ തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ഭേദഗതി ചെയ്തിരുന്നു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പോസ്റ്റൽ വോട്ട് അനുവദിക്കുന്നതിനുള്ള പ്രായപരിധി 80 വയസ്സിൽനിന്ന് 65 വയസ്സാക്കി കുറയ്ക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം മുന്നോട്ടുവെച്ചിരുന്നു. നിയമമന്ത്രാലയം ഈ നിർദേശം അംഗീകരിച്ചതോടെയാണ് ഇക്കാര്യത്തിൽ തീരുമാനമുണ്ടായത്.

ഒക്ടോബർ-നവംബർ മാസങ്ങളിൽ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് തീരുമാനം. കോവിഡ് 19 മാരകമാകുന്നത് 65 വയസ്സിന് മുകളിലുള്ളവർക്കാണ് എന്നതാണ് ഇത്തരമൊരു തീരുമാനത്തിനു പിന്നിൽ. പോളിങ് ബൂത്തിൽ എത്താൻ കഴിയാത്ത വോട്ടർമാരെ പ്രത്യേക വിഭാഗമാക്കി കണക്കാക്കി പോസ്റ്റൽ വോട്ടുകൾ അനുവദിക്കാനാണ് നേരത്തെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചിരുന്നത്. ഇതിന് അർഹതയുള്ളവരെ വോട്ടർ പട്ടികയിൽ പ്രത്യേകം രേഖപ്പെടുത്തും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button