ആലപ്പുഴയിൽ ഒരു കുടുംബത്തിലെ 11 പേർക്ക് കോവിഡ്
ആലപ്പുഴ : ആലപ്പുഴയിൽ ഒരു കുടുംബത്തിലെ 11 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ചെറുതന സ്വദേശിനികളായ 46 വയസുള്ള സ്ത്രീയും മകളും, കായംകുളം സ്വദേശികളായ 54 വയസുകാരൻ, രണ്ടു യുവാക്കൾ, രണ്ടു യുവതികൾ, മൂന്നു പെൺകുട്ടികൾ ഒരു ആൺകുട്ടി എന്നിവരാണ് ഇന്ന് രോഗം സ്ഥിരീകരിച്ച ഒരു കുടുംബത്തിലെ അംഗങ്ങൾ.
ജൂൺ 29ന് രോഗം സ്ഥിരീകരിച്ച കായംകുളം സ്വദേശിയുടെ ബന്ധുക്കളും കുടുംബാംഗങ്ങളുമാണ് രോഗം സ്ഥിരീകരിച്ച പതിനൊന്ന് പേർ. ഇവരുൾപ്പെടെ ആലപ്പുഴയിൽ ഇന്ന് രോഗം സ്ഥിരീകരിച്ച 21 പേരിൽ 12 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. എട്ടും ഒമ്പതും മാസം പ്രായമുള്ള കുഞ്ഞുങ്ങൾക്കും ഇന്ന് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചു.
ജില്ലയിൽ സമ്പർക്കം മൂലമുള്ള കേസുകൾ ഏറിയ സാഹചര്യത്തിൽ കോവിഡ് വ്യാപനത്തിനെതിരെ പൊതുജനങ്ങൾ കനത്ത ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകി. അനാവശ്യമായി പുറത്തിറങ്ങുന്നതും ബന്ധു വീടുകളിലെ സന്ദർശനവും സുഹൃദ് സംഗമങ്ങളും ഒഴിവാക്കണം. രോഗികളെ സന്ദർശിക്കാനായുള്ള ആശുപത്രി സന്ദർശനവും ഒഴിവാക്കണം. സർക്കാരും ആരോഗ്യ വകുപ്പും നല്കുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.