സമൂഹവ്യാപന ആശങ്ക: എറണാകുളത്ത് നിയന്ത്രണം കർശനമാക്കി
കൊച്ചി : സമൂഹവ്യാപനം തടയാന്‍ എറണാകുളത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. കൂടുതല്‍ പ്രദേശങ്ങള്‍ പൂര്‍ണമായി അടച്ചിടാനാണ് തീരുമാനം. കഴിഞ്ഞ ആറ് ദിവസത്തിനിടെ ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ 20 പേര്‍ക്ക് കോവിഡ് ബാധിച്ചിരുന്നു. ഇതില്‍ 9 പേരും എറണാകുളം മാര്‍ക്കറ്റിലെ കടകളില്‍ ജോലിയെടുക്കുന്നവരും അവരുടെ കുടുംബാംഗങ്ങളുമാണ്.കൂടുതല്‍ ആളുകളിലേക്ക് രോഗവ്യാപനവും ആരോഗ്യവകുപ്പ് പ്രതീക്ഷിക്കുന്നു. ഇതോടെയാണ് കൊച്ചി നഗരത്തില്‍ കോവിഡ് പരിശോധനയും, നിയന്ത്രണളും കര്‍ശനമാക്കാനുള്ള തീരുമാനം. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ആളുകള്‍ പുറത്തിറങ്ങരുത്. കടകളിലും ഓഫിസുകളിലും സാമൂഹിക അകലം പാലിക്കണം. പനി, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണം.
മത്സ്യത്തൊഴിലാളിയുടെ ഭാര്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ എറണാകുളം ചെല്ലാനം ഹാര്‍ബര്‍ അടച്ചു. എറണാകുളം മാര്‍ക്കറ്റില്‍ കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയിലെ മറ്റ് മാര്‍ക്കറ്റുകളിലും നിരീക്ഷണം ശക്തമാക്കി. മാര്‍ക്കറ്റുകളില്‍ അണുനശീകരണവും നടത്തും.
ഇന്നലെ 9 പേര്‍ക്കാണ് ജില്ലയിൽ കോവിഡ് സ്ഥിരികരിച്ചത്. പിറവത്ത് ഒരു വീട്ടിലെ നാലു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പിറവത്തിന് അടുത്ത് മുളക്കുളത്ത് ഡല്‍ഹിയില്‍നിന്ന് ഒരാഴ്ച മുന്‍പെത്തിയ രണ്ട് കുട്ടികള്‍ക്കും ഇവരുടെ മുത്തശ്ശിക്കും മറ്റൊരു ബന്ധുവിനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നുവെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.