ഉറവിടമാറിയാത്ത രോഗികൾ: തിരുവനന്തപുരം നഗരത്തില്‍ അതീവ ജാഗ്രത
തിരുവനന്തപുരം : തിരുവനന്തപുരം നഗരത്തില്‍ അതീവ ജാഗ്രത. ഉറവിടമറിയാത്ത കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനാൽ നാല് ഇടങ്ങള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണാക്കി. അമ്പലത്തറ, പുത്തന്‍പ്പള്ളി, ബീമാപ്പള്ളി ഈസ്റ്റ്, മാണിക്യവിളാകം എന്നിവയാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍.
സാഫല്യം കോംപ്ലക്സ് ഏഴ് ദിവസത്തേക്ക് അടച്ചിടും. പാളയം മാര്‍ക്കറ്റിലും ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. നഗരസഭ ആരോഗ്യവിഭാഗത്തിന്റെ കൗണ്ടര്‍ മാര്‍ക്കറ്റിന് മുന്നില്‍ സ്ഥാപിക്കും. മാര്‍ക്കറ്റിന്റെ മുന്നിലുള്ള ഗേറ്റ് മാത്രമേ തുറക്കൂ. പിറകിലെ ഗേറ്റ് അടയ്ക്കും. ആളുകളെ നിയന്ത്രിച്ച് മാത്രമേ മാര്‍ക്കറ്റിനുള്ളിലേക്ക് കടത്തിവിടൂ. മാര്‍ക്കറ്റിന് മുന്നിലുള്ള വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കും. ഇപ്പോള്‍ ചാലയിലും പാളയം മാര്‍ക്കറ്റിലും ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം മറ്റ് മാര്‍ക്കറ്റുകളില്‍കൂടി ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നുണ്ട്.
നഗരത്തിലെ എല്ലാ ഓഫിസുകളിലും കര്‍ശന നിയന്ത്രണം കൊണ്ടുവരും. എല്ലാ സൂപ്പര്‍മാര്‍ക്കറ്റുകളിലും അക്ഷയ കേന്ദ്രങ്ങളിലും നിയന്ത്രണം കൊണ്ടുവരും. തിരക്ക് അനുഭവപ്പെടുന്ന ബസ് സ്റ്റോപ്പുകളില്‍ പൊലീസിന്റെ സഹായത്തോടെ പ്രത്യേക ക്രമീകരണമുണ്ടാക്കും. വെള്ളിയാഴ്ച രാവിലെ എട്ടുമുതല്‍ പാളയം, ആയുര്‍വേദ കോളജ്, കുന്നുംപുറം, വഞ്ചിയൂര്‍ ഭാഗങ്ങളില്‍ അണുനശീകരണം നടത്തും. നഗരത്തിലെ സുരക്ഷാ മുന്‍കരുതല്‍ നടപടികളില്‍ എല്ലാവരും സഹകരിക്കണമെന്നും മേയര്‍ അഭ്യര്‍ഥിച്ചു.