Special Story

തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍

തിരുവനന്തപുരം : തിരുവനന്തപുരം നഗരത്തിൽ ഒരാഴ്ചത്തേക്ക് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. നാളെ രാവിലെ ആറ് മണി മുതല്‍ ഒരാഴ്ചത്തേക്കാണ് ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ സര്‍ക്കാര്‍ കൊണ്ടുവരുന്നത്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലുള്ള പ്രദേശങ്ങളിലാണ് നിയന്ത്രണമുണ്ടാകുക.  സെക്രട്ടറിയേറ്റ് അടച്ചിടും. മുഖ്യമന്ത്രി ഔദ്യോഗിക വസതിയിലിരുന്ന് ജോലിചെയ്യും.

തലസ്ഥാനത്തെ ജനങ്ങളെല്ലാം അവരവരുടെ വീട്ടില്‍ തന്നെ തുടരണം എന്നാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സംസ്ഥാന പൊലീസ് മേധാവി ഡി.ജി.പി ലോക്നാഥ് ബെഹ്‌റ വ്യക്തമാക്കി. കടകള്‍ പ്രവര്‍ത്തിക്കുമെന്നും എന്നാല്‍ പോയി വാങ്ങാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. മരുന്ന് കടകളില്‍ പോകാന്‍ സത്യവാങ്മൂലം നല്‍കേണ്ടതുണ്ട്.

ഭക്ഷണശാലകളും തുറക്കുമെങ്കിലും അവിടേക്ക് ആളുകളെ വരാന്‍ അനുവദിക്കില്ല. അതിന് പകരമായി അവശ്യസാധനങ്ങള്‍ വീട്ടിലെത്തിച്ച്‌ നല്‍കുമെന്നും ഡി.ജി.പി പറഞ്ഞു. അതിനായി ഫോണ്‍ നമ്പർ നല്‍കുമെന്നും സാധനങ്ങള്‍ എത്തിക്കാനുള്ള ക്രമീകരണങ്ങള്‍ പൊലീസ്‌ ഉണ്ടാക്കുമെന്നും അദ്ദേഹം അറിയിച്ചു. തലസ്ഥാനത്ത് സമ്പര്‍ക്ക രോഗികള്‍ കൂടിവരുന്ന സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഈ തീരുമാനം കൈകൊണ്ടത്.

ഏഴു ദിവസത്തേക്ക് പൊതുഗതാഗതവും ഉണ്ടാകില്ല. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകളും മരുന്ന് കടകളും മാത്രമാകും ഈ സാഹചര്യത്തില്‍ തുറക്കുക. ആശുപത്രികളും പ്രവര്‍ത്തിക്കും. ട്രിപ്പിള്‍ ലോക്ക്ഡൗണിനെ തുടര്‍ന്ന് തലസ്ഥാനത്തെ പ്രധാന റോഡുകളെല്ലാം അടയ്ക്കും. സെക്രട്ടേറിയറ്റും ഓഫീസുകളും പ്രവര്‍ത്തിക്കില്ല. നഗരത്തിലേക്ക് കടക്കാനും പുറത്തേക്ക് പോകാനും ഒറ്റ വഴി മാത്രമാകും തുറന്നിടുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button