സ്വർണ്ണക്കള്ളക്കടത്ത് കേസ്: കാർബൺ ഡോക്ടർ ഉടമയുടെ ഭാര്യയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു
തിരുവനന്തപുരം : സ്വർണ്ണക്കടത്ത് കേസിൽ പ്രതിയായ സരിത്തിന്റെ കൂട്ടാളി സന്ദീപ് നായരുടെ ഭാര്യ സൗമ്യയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. സ്വർണം കസ്റ്റംസ് പിടിച്ചവിവരം പുറത്തു വന്നതുമുതൽ സന്ദീപ് ഒളിവിലാണ്. വിപുലമായ റാക്കറ്റാണ് സ്വർണ്ണക്കടത്തിന് പിന്നിലെന്നാണ് കസ്റ്റംസ് കരുതുന്നത്. സന്ദീപ് നായരെ കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിലാണ് കസ്റ്റംസ്.
കാർബൺ ഡോക്ടർ എന്ന വർക് ഷോപ്പിന്റെ ഉടമയാണ് സന്ദീപ് നായർ. വർക് ഷോപ്പിന്റെ ഉദ്ഘാടനച്ചടങ്ങിൽ സ്പീക്കർ ശ്രീരാമകൃഷ്ണൻ പങ്കെടുത്തത് വിവാദമായിരുന്നു.നേരത്തെ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലായ കസ്റ്റംസ് ഉദ്യോഗസ്ഥനുമായി ഈ സംഘത്തിന് ബന്ധുമുണ്ടെന്ന സംശയവും കസ്റ്റംസ് പങ്കുവെക്കുന്നു.
അതേസമയം, സ്വര്‍ണക്കടത്തു കേസ് അന്വേഷണം സംസ്‌ഥാനത്തെ പ്രമുഖ ജുവലറി ഗ്രൂപ്പിലേക്കു തിരിയുന്നതായി സൂചന. സ്വപ്‌നയും സരിത്തും ഇവരുടെ ഇടനിലക്കാര്‍ മാത്രമാണെന്നാണ് കസ്റ്റംസിന്റെ സംശയം. കേരളത്തിലെ ഒരു പ്രമുഖ ജുവലറി ഗ്രൂപ്പിലേക്ക് അനധികൃത മാര്‍ഗങ്ങളിലൂടെ സ്വര്‍ണം ഒഴുകുന്നുണ്ടെന്ന സൂചനകള്‍ കസ്‌റ്റംസിനു നേരത്തേ ലഭിച്ചിരുന്നു. എന്നാല്‍, ഇവരിലേക്കു സ്വര്‍ണം എത്തുന്ന വഴികള്‍ ഇപ്പോഴും കസ്‌റ്റംസിനു കൃത്യമായി കണ്ടെത്താന്‍ സാധിച്ചിട്ടില്ല. പല കാരിയര്‍മാരിലൂടെ കൈമറിഞ്ഞാണ് കള്ളക്കടത്തു സ്വര്‍ണം ലക്ഷ്യസ്‌ഥാനത്ത് എത്തുന്നതെന്നിരിക്കെ അന്വേഷണവഴി എളുപ്പമല്ല. സ്വപ്‌ന സുരേഷിനെ പിടികൂടുന്നതോടെ കാര്യങ്ങൾ കുറെയൊക്കെ വ്യക്തമാകുമെന്നാണ് കസ്റ്റംസ് കരുതുന്നത്.