ക്വാറന്റൈന്നിൽ കഴിയുന്ന യുവതിയെ ദേഹപരിശോധന നടത്തിയ യുവാവ് അറസ്റ്റിൽ
പത്തനംതിട്ട : പത്തനംതിട്ടയിൽ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിയുന്ന യുവതിയെ ആരോഗ്യപ്രവര്‍ത്തകന്‍ ചമഞ്ഞ് ദേഹപരിശോധന നടത്തിയ യുവാവിനെ അറസ്റ്റുചെയ്തു. കുലശേഖരപതി വടക്കേതില്‍ വീട്ടില്‍ ആദില്‍ മുഹമ്മദ് (19) ആണ് പിടിയിലായത്. നഗരത്തിലെ ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ ആരോഗ്യപ്രവർത്തകൻ എന്ന വ്യാജേന ചുറ്റിത്തിരിയുന്ന ആളാണ് ആദിൽ എന്ന് പോലീസ് പറഞ്ഞു. ഇയാളെ റിമാന്‍ഡ് ചെയ്തു.
തിങ്കളാഴ്ചയായിരുന്നു സംഭവം. പരിശാേധനയ്ക്കെത്തിയതാണെന്ന് പരിചയപ്പെടുത്തിയ ശേഷം യുവതിയോട് ഇയാൾ കട്ടിലില്‍ കിടക്കാന്‍ പറഞ്ഞു. ഇതനുസരിച്ച യുവതിയുടെ കണ്ണുകളിലും നെറ്റിയിലും തലോടിയ ശേഷം വയറില്‍ തടവി. മദ്യം മണത്തതിനെ തുടര്‍ന്ന് യുവതിക്ക് സംശയമായി. ചോദ്യം ചെയ്തപ്പോഴേക്കും ഇറങ്ങി ഓടിയ ഇയാളെ ക്വാറന്റൈനില്‍ കഴിയുന്ന പുരുഷന്‍മാര്‍ പിന്തുടര്‍ന്നു. സംഭവം അറിഞ്ഞെത്തിയ പത്തനംതിട്ട എസ്.ഐ അനീഷ്, ഡ്യൂട്ടി ഓഫീസര്‍ മധു, സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ ശരത്, സുരേഷ് എന്നിവര്‍ ചേര്‍ന്ന് പിടികൂടുകയായിരുന്നു.