Top Stories

പൂന്തുറയിൽ സാഹചര്യം ഗുരുതരം; കർശന നിയന്ത്രണങ്ങൾക്ക് നിർദ്ദേശം

തിരുവനന്തപുരം : അതീവ ഗുരുതര സാഹചര്യത്തിൽ  തിരുവനന്തപുരം പൂന്തുറ. കഴിഞ്ഞ അഞ്ചു ദിവസങ്ങളിൽ പൂന്തുറയിൽനിന്ന് ശേഖരിച്ച 600 സാമ്പിളുകളിൽ 119 പേർക്കും കോവിഡ് 19 സ്ഥിരീകരിച്ചു. പ്രദേശത്തെ കൂടുതൽ ആളുകൾക്ക് കോവിഡ് പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

പൂന്തുറയിൽ കോവിഡ് വ്യാപനം തടയാൻ അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. ഒരാളിൽനിന്ന് 120 പേർ പ്രാഥമിക സമ്പർക്കത്തിലും 150ഓളം പേർ ദ്വിതീയ സമ്പർക്കത്തിലും വന്ന സാഹചര്യത്തിലാണ് അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി നിർദ്ദേശം നൽകിയത്.

പൂന്തുറയില്‍ വളരെ കര്‍ശനമായ രീതിയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ നടപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കി. ഇവിടെ കൂടുതൽ നിയന്ത്രണങ്ങൾക്കായി 25 കമാണ്ടോകളെ നിയോഗിച്ചു. ഡെപ്യൂട്ടി കമ്മീഷണര്‍ ദിവ്യ.വി ഗോപിനാഥ്, അസിസ്റ്റന്റ് കമ്മീഷണര്‍ ഐശ്വര്യ ദോംഗ്രേ എന്നിവര്‍ പൂന്തുറയിലെ പൊലീസ് നടപടികള്‍ക്ക് നേതൃത്വം നല്‍കും. ക്രമസമാധാന വിഭാഗം എ.ഡി.ജി.പി ഡോ.ഷെയ്ക്ക് ദെര്‍വേഷ് സാഹിബ് മേല്‍നോട്ടം വഹിക്കും.

പൂന്തുറ മേഖലയില്‍ സാമൂഹികഅകലം പാലിക്കുന്നതുള്‍പ്പെടെയുള്ള ബോധവല്‍കരണം നടത്തുന്നതിന് സാമുദായിക നേതാക്കന്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ സഹായം തേടും. ആരോഗ്യസുരക്ഷ പാലിക്കേണ്ടതിന്റെ ആവശ്യകത പൊലീസ് വാഹനങ്ങളില്‍ ഘടിപ്പിച്ച ഉച്ചഭാഷിണിയിലൂടെ പ്രചരിപ്പിക്കും.

പൂന്തുറ ഭാഗത്തുനിന്ന് തമിഴ്‌നാട്ടിലേയ്ക്കും തിരിച്ചും മത്സ്യബന്ധനത്തിനായി ബോട്ടുകളും വള്ളങ്ങളും പോകുന്നത് തടയാന്‍ കോസ്റ്റ് ഗാര്‍ഡ്, കോസ്റ്റല്‍ സെക്യൂരിറ്റി, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് എന്നിവയ്ക്ക് നിര്‍ദ്ദേശം നല്‍കിയതായി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. തിരുവനന്തപുരം ഭാഗത്തുനിന്ന് കന്യാകുമാരിയിലേയ്ക്കും തിരിച്ചും അതിര്‍ത്തി കടന്ന് ആരും പോകുന്നില്ലെന്ന് ഇരുസംസ്ഥാനങ്ങളിലേയും പൊലീസ് ഉറപ്പാക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button