തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 339 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 149 പേർ രോഗമുക്തി നേടി. തിരുവനന്തപുരം-95, മലപ്പുറം-55, പാലക്കാട്-50, തൃശ്ശൂർ-27, ആലപ്പുഴ-22, ഇടുക്കി-20, എറണാകുളം-12, കാസർകോട്-11, കൊല്ലം-10, കോഴിക്കോട്-8, കോട്ടയം-7, വയനാട്-7, പത്തനംതിട്ട-7, കണ്ണൂർ-8 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്. മുഖ്യമന്ത്രി പിണറായി വിജയനാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്.
തുടർച്ചയായി രണ്ടാം ദിവസമാണ് മുന്നൂറിനു മേൽ പുതുതായി രോഗം സ്ഥിരീകരിക്കുന്നത്. രോഗബാധയുടെ തോത് വർധിക്കുന്നു. അതോടൊപ്പം സമ്പർക്കം മൂലം രോഗം ബാധിക്കുന്നവരുടെ എണ്ണവും വർധിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് രോഗം സ്ഥിരീകരിച്ചതിൽ 117 പേർ വിദേശത്തുനിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനത്തിൽനിന്ന് വന്ന 74 പേർക്കും രോഗം സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 133 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗത്തിന്റെ ഉറവിടം അറിയാത്തതായി ഏഴുപേരുണ്ട്.
149 പേർ സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടി. തിരുവന്തപുരം-9, കൊല്ലം-10, പത്തനംതിട്ട-7, ആലപ്പുഴ-7, കോട്ടയം-8, ഇടുക്കി-8, കണ്ണൂർ-16, എറണാകുളം-15, തൃശ്ശൂർ-29, പാലക്കാട്-17, മലപ്പുറം-6, കോഴിക്കോട്-1, വയനാട്-3, കാസർകോട്-13 എന്നിങ്ങനെയാണ് ഫലം നെഗറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്.
സംസ്ഥാനത്ത് ഇതുവരെ 6,534 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 2,795 പേരാണ് ചികിത്സയിലുള്ളത്. 1,85,960 പേരാണ് നിരീക്ഷണത്തിലുള്ളത്. 3261 പേർ ആശുപത്രികളിലുണ്ട്. ഇന്ന് 471 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതുവരെ 2,20,677 സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. കഴിഞ്ഞ 24 മണിക്കൂറിനകം 12,502 സാമ്പിളുകൾ പരിശോധിച്ചു. 4854 സാമ്പിളുകളുടെ ഫലം വരാനുണ്ട്. ഇതുവരെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി മുൻഗണനാവിഭാഗത്തിൽപ്പെട്ട 66,934 സാമ്പിളുകൾ ശേഖരിച്ചു. 63,199 സാമ്പിളുകൾ നെഗറ്റീവ് ആയിട്ടുണ്ട്. ടെസ്റ്റുകളുടെ എണ്ണം വർധിപ്പിച്ചു കൊണ്ടേയിരിക്കുകയാണ്. സംസ്ഥാനത്ത് ഇതുവരെ 3,07,219 പേർക്കാണ് റുട്ടീൻ, സെന്റിനൽ, പൂൾഡ് സെന്റിനൽ, സിവിനാറ്റ്, ട്രൂനാറ്റ് ടെസ്റ്റുകൾ നടത്തിയത്. സംസ്ഥാനത്ത് ഹോട്ട് സ്പോട്ടുകളുടെ എണ്ണം 181 ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് വ്യാപനത്തില്‍ നിര്‍ണ്ണായക ഘട്ടമാണ് ഇപ്പോള്‍ നേരിടുന്നത്. നാം നല്ല തോതില്‍ ആശങ്കപ്പെടേണ്ട ഘട്ടം. സമൂഹവ്യാപനത്തിന്റെ വക്കിലെത്തുന്നുവെന്ന് നേരത്തെ പറഞ്ഞിരുന്നു. അതിലേക്ക് വലിയതോതില്‍ അടുക്കുന്നു എന്ന് സംശയിക്കേണ്ട സമയമാണിത്.
ഒരു മത്സ്യമാര്‍ക്കറ്റില്‍ ഉണ്ടായ രോഗവ്യാപനം തിരുവനന്തപുരം നഗരത്തെ മുഴുവന്‍ ട്രിപ്പിള്‍ ലോക്ക്ഡൗണിലേക്ക് നയിച്ചു. നഗരത്തിന്റെ വിവിധ മേഖലയിലേക്ക് രോഗം എത്തിയിട്ടുണ്ടെന്നാണ് ഇന്നത്തെ പരിശോധനാ ഫലം തെളിയിക്കുന്നത്. ആര്യനാടും സമാനമായ സാഹചര്യം നേരിടുന്നു. ഇത് തലസ്ഥാനത്ത് മാത്രമെന്ന് കരുതി മറ്റ് പ്രദേശങ്ങള്‍ ആശ്വസിക്കേണ്ടതില്ല.ചിലയിടത്ത് ഇത്തരം പ്രതിഭാസം കാണുന്നുണ്ട്. കൊച്ചിയിലും സമാന വെല്ലുവിളി നേരിടുന്നുണ്ട്. എപ്പോള്‍ വേണമെങ്കിലും നിയന്ത്രണം കടുപ്പിക്കേണ്ട സാഹചര്യമാണ്. സംസ്ഥാനത്തിനാകെ ബാധകമായതാണ് ഇത്. ആരെങ്കിലും ഇതില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നുവെന്ന് തോന്നേണ്ടതില്ല.
നിലവിലെ നിയന്ത്രണം സമൂഹത്തെ മൊത്തം കണക്കിലെടുത്ത് രക്ഷയ്ക്ക് വേണ്ടി കൊണ്ടുവന്നതാണ്. അത് കര്‍ശനമായി പാലിക്കണം. രോഗം സമൂഹവ്യാപനത്തിലെത്താന്‍ അധികം സമയം വേണ്ട. പൂന്തുറയില്‍ സൂപ്പര്‍ സ്പ്രെഡിലേക്കെത്താന്‍ അധികം സമയമെടുത്തില്ല. സ്വയം നിയന്ത്രണത്തിന്റെ തലം സൃഷ്ടിക്കണം. രോഗം ബാധിച്ച പലരുടെയും സമ്പർക്ക പട്ടിക വിപുലമാണ്. അത്തരം സാഹചര്യം ഉണ്ടാക്കരുത്. വലിയ ആള്‍ക്കൂട്ടം എത്തിപ്പെടുന്ന ഏത് സ്ഥലവും ഒന്നോ രണ്ടോ ആളുകള്‍ രോഗബാധിതരാണെങ്കില്‍ എല്ലാവരെയും അത് ബാധിക്കും. അത്യാവശ്യ കാര്യത്തിന് മാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളൂ. ആള്‍ക്കൂട്ടം ഉണ്ടാകരുത്. ഇതിന് നാം നല്ല ഊന്നല്‍ നല്‍കണം. പ്രതീക്ഷിക്കാത്ത കേന്ദ്രങ്ങളിലും ആളുകളിലും രോഗബാധ ഉണ്ടായെന്ന് വരാം. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് നോക്കിയാല്‍ ചില പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തവര്‍ക്ക് രോഗബാധയുണ്ടായിട്ടുണ്ട്. അതിന്റെ ഭാഗമായി സമ്ബര്‍ക്ക പട്ടിക തയ്യാറാക്കുന്നത് വെല്ലുവിളിയായി.
ആള്‍ക്കൂട്ടത്തിനോട് എന്തെങ്കിലും വിപ്രതിപത്തി ഉണ്ടായിട്ടല്ല. ഇന്നത്തെ സാഹചര്യം മനസിലാക്കാനുള്ള വിവേകം നാമെല്ലാവരും പ്രകടിപ്പിക്കണം. അത് നാടിന്റെ രക്ഷയ്ക്കും സമൂഹത്തില്‍ രോഗം വ്യാപിക്കാതിരിക്കാനും സ്വീകരിക്കേണ്ട കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.