News
ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയവയ്ക്ക് കരസേനയിൽ വിലക്ക്
ന്യൂഡൽഹി : ജനപ്രിയ സോഷ്യൽ മീഡിയ ആപ്പുകളായ ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം, പബ്ജി, ട്രൂകോളർ എന്നിവ ഉൾപ്പെടെ 89 ആപ്പുകളുടെ ഉപയോഗം ഒഴിവാക്കാൻ സൈനികരോടും ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ട് കരസേന. ജൂലായ് 15നുള്ളിൽ മൊബൈലിൽ നിന്ന് ഇവയിലെ അക്കൗണ്ടുകൾ ഉപേക്ഷിക്കാനാണ് കരസേനയുടെ നിർദേശമെന്നാണ് റിപ്പോർട്ട്.
ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രം എന്നിവക്ക് പുറമേ സ്നാപ്പ്ചാറ്റ്, ബെയ്ഡു, എല്ലോ എന്നീ സോഷ്യൽ നെറ്റ്വർക്കിങ് ആപ്പുകളും പബ്ജി, നോനോ ലൈവ്, ക്ലാഷ് ഓഫ് കിങ്സ്, മൊബൈൽ ലെജന്റ്സ് എന്നീ ഗെയ്മിങ് ആപ്പുകളും വിലക്കേൽപ്പെടുത്തിയ പട്ടികയിലുണ്ട്. ടിന്റർ, ട്രൂലിമാഡ്ലി, ഹാപ്പൻ, ടാഗ്ഡ് എന്നി ഉൾപ്പെടെ പതിനഞ്ച് ഡേറ്റിങ് ആപ്പുകളും ഡെയ്ലി ഹണ്ട്, ന്യൂസ് ഡോഗ് എന്നീ ന്യൂസ് ആപ്പുകളും വിലക്കി.
സുരക്ഷാ കാരണങ്ങൾ കണക്കിലെടുത്താണ് പുതിയ തീരുമാനം. രഹസ്യ വിവരങ്ങൾ ആപ്പുകളിലൂടെ ചോരുന്നുവെന്നാണ് സൈന്യത്തിന്റെ കണ്ടെത്തൽ. രാജ്യസുരക്ഷയും വ്യക്തി വിവരങ്ങളുടെ ചോർച്ചയും തടയാൻ നേരത്തെ കേന്ദ്രസർക്കാർ നിരോധിച്ച ടിക്ക്ടോക്ക് ഉൾപ്പെടെ 59 ചൈനീസ് ആപ്പുകൾക്ക് പുറമേ മറ്റ് നിരവധി ആപ്പുകളും കരസേന വിലക്കേർപ്പെടുത്തിയവയിൽ ഉൾപ്പെടുന്നു.