സംസ്ഥാനത്ത് ഇന്ന് മുതൽ വാക്സിൻ മുൻകൂട്ടി രജിസ്റ്റര്‍ ചെയ്തവർക്ക് മാത്രം
കൊച്ചി : സംസ്ഥാനത്ത് ഇന്ന് മുതൽ വാക്സിൻ വിതരണം മുൻകൂട്ടി രജിസ്റ്റര്‍ ചെയ്തവർക്ക് മാത്രം. സ്പോട്ട് ജിസ്ട്രേഷന്‍ ഒഴിവാക്കി ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രം വാക്സിന്‍ നല്‍കാനാണ് തീരുമാനം. വാക്സിനേഷന്‍ കേന്ദ്രങ്ങളിലെ ക്യു ഒഴിവാക്കാന്‍ വേണ്ടിയാണിത്. ഇതുസംബന്ധിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ആരോഗ്യവകുപ്പ് പുറത്തിറക്കി.
പുതിയ കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കിടയില്‍ വാക്സിന്‍ കിട്ടുമോയെന്ന ആകാംക്ഷ വര്‍ദ്ധിപ്പിക്കുകയും പല വാക്സിനേഷന്‍ കേന്ദ്രങ്ങളിലും കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുകയും ചെയ്യുന്നു. ഇത് വിപരീത ഫലമാണ് ഉണ്ടാക്കുന്നത്. അതിനാലാണ് വാക്സിനേഷന്‍ സെഷനുകള്‍ നടത്തുന്നതിന് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചത്.
ആരോഗ്യവകുപ്പിന്റെ ആറിന മാര്‍ഗ നിര്‍ദേശങ്ങള്‍
1. ഏപ്രില്‍ 22 മുതല്‍ ഒന്നാമത്തേയും രണ്ടാമത്തേയും ഡോസുകള്‍ മുന്‍കൂട്ടിയുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ വഴി മാത്രമായിരിക്കും ലഭ്യമാകുക. സ്പോട്ട് രജിസ്ട്രേഷന്‍ ഉണ്ടാവുകയില്ല. ക്യൂ ഒഴിവാക്കാനായി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ കോവിഡ് വാക്സിനേഷന്‍ സെന്ററുകളില്‍ ടോക്കണ്‍ വിതരണം ചെയ്യുകയുള്ളൂ.
2. കോവിഡ് വാക്സിനേഷനുള്ള മുന്‍ഗണനാ പട്ടികയിലുള്ളവര്‍ക്ക് സര്‍ക്കാര്‍ വകുപ്പുകള്‍, അക്ഷയ കേന്ദ്രങ്ങള്‍, സന്നദ്ധ സംഘടനകള്‍ എന്നിവ മുഖേന രജിസ്ട്രേഷന്‍ നടത്തുന്നതിന് ജില്ലകള്‍ മുന്‍കൈയെടുക്കേണ്ടതാണ്.
3. സര്‍ക്കാര്‍, സ്വകാര്യ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ വാക്സിന്‍ ലഭ്യതയെ അടിസ്ഥാനമാക്കി കോവിന്‍ വെബ് സൈറ്റില്‍ സെഷനുകള്‍ മുന്‍കൂട്ടി ഷെഡ്യൂള്‍ ചെയ്യുന്നുവെന്ന് ജില്ലകള്‍ ഉറപ്പുവരുത്തേണ്ടതാണ്.
4. വാക്സിനേഷന്‍ സെഷനുകളില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കണം. വാക്സിനേഷന്‍ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കേണ്ടതാണ്. സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും വേണം. കൈകള്‍ ശുചിയാക്കാന്‍ സാനിറ്റൈസര്‍ എല്ലാ കേന്ദ്രങ്ങളിലും ലഭ്യമാക്കണം.
5. അതാത് വാക്സിനേഷന്‍ കേന്ദ്രങ്ങളിലെ കോവിഷീല്‍ഡിന്റേയും കോവാക്സിന്റേയും ലഭ്യതയനുസരിച്ച് ആസൂത്രണം ചെയ്യുകയും ആ വിവരം പൊതുജനങ്ങളെ അറിയിക്കുകയും വേണം.
6. 45 വയസിന് മുകളിലുള്ള പൗരന്‍മാര്‍ക്ക് ഒന്നാമത്തേതും രണ്ടാമത്തേയും കോവിഡ് വാക്സിന്‍ സമയബന്ധിതമായി നല്‍കണം. ഒന്നാം ഡോസ് സ്വീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണി പോരാളികള്‍ക്കും രണ്ടാം ഡോസ് നല്‍കണം.
വാക്സിനേഷന്‍ രജിസ്ട്രേഷന്‍ നടത്തുന്നത് എങ്ങനെ ?
രജിസ്ട്രേഷനായി ആദ്യം കൊ-വിന്‍ ആപ്പോ അല്ലെങ്കില്‍ cowin.gov.in എന്ന വെബ്സെെറ്റിലോ രജിസ്റ്റര്‍ ചെയ്യുക. മൊബൈല്‍ നമ്പരോ, ആധാര്‍ നമ്പരോ നല്‍കി എന്റര്‍ ചെയ്യുക. ഇതുവഴി അക്കൗണ്ട് ക്രിയേറ്റ് ചെയ്യുന്നതോടെ ഒരു ഒടിപി ലഭിക്കും. ഇതില്‍ കുടുംബാംഗങ്ങളെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. തുടര്‍ന്ന് ആദ്യ ഡോസ് വാക്സിന്‍ എടുക്കാനുളള തിയതിയും ചെല്ലേണ്ട സമയവും ഇതിനായി എത്തേണ്ട കേന്ദ്രവും ലഭിക്കും. ആ സമയത്ത് പോയി വാക്സിന്‍ എടുക്കാവുന്നതാണ്. വാക്സിന്‍ എടുത്ത് കഴിഞ്ഞാല്‍ വാക്സിനേഷന്‍ സര്‍ട്ടിഫിക്കെറ്റും മോണിറ്ററിങ് റെഫറന്‍സ് ഐഡിയും ലഭിക്കും. രജിസ്റ്റര്‍ ചെയ്യുമ്പോൾ വാക്സിനേഷന്‍ എടുക്കാനുള്ള സ്ഥലം, തീയതി എന്നിവ തെരഞ്ഞെടുക്കാനാകും. കൊവി ഷീല്‍ഡ് വേണോ, കൊ വാക്സിന്‍ വേണോ എന്ന് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് തിരഞ്ഞെടുക്കാനുളള സൗകര്യവും ഇതിലുണ്ട്. ഒരു മൊബൈല്‍ ഫോണ്‍ നമ്പരില്‍ നിന്നും നാല് അപ്പോയിന്റ്മെന്റുകള്‍ വരെ എടുക്കാം.