സ്വർണ്ണക്കടത്ത് കേസ്: എൻ ഐ എ അന്വേഷണം കേരള പൊലീസിലെ ഉന്നതരിലേക്കും
ന്യൂഡൽഹി : സ്വർണ്ണക്കടത്ത് കേസിൽ സംസ്ഥാനത്തെ രണ്ട് ഐ.പി.എസ് ഉദ്യോഗസ്ഥരും അന്വേഷണ പരിധിയിലെന്ന് സൂചന. വിഷയത്തിൽ കേരള പോലീസിന്റെ നിസ്സഹകരണവും, കേസിൽ പോലീസ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോയെന്നും എൻഐഎ അന്വേഷിക്കും. യുഎപിഎ ആക്ട് അനുസരിച്ചുള്ള വകുപ്പകൾ ഉൾപ്പെടുത്തിയാകും എൻഐഎ കേസ് അന്വേഷിക്കുക.
കേരളത്തിലേക്ക് കള്ളക്കടത്തിലൂടെ എത്തുന്ന സ്വർണം രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുവെന്നാണ് ഇന്റലിജൻസ് റിപ്പോർട്ടുകൾ. നേരത്തെ കേരളത്തിൽ നിന്ന് ഐഎസിലേക്ക് പോയ ആളുകൾ സ്വർണക്കടത്തിലൂടെ സമ്പത്ത് ഇന്ത്യയിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നുവെന്നാണ് എൻഐഎ കണ്ടെത്തിയിരിക്കുന്നത്.
വിഷയത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേരളത്തിനയയ്ക്കുന്ന രഹസ്യവിവരങ്ങൾ ചോർന്നുവെന്ന വിവരങ്ങളും പുറത്തുവരുന്നു. ഇക്കാര്യങ്ങളും അന്വേഷണ പരിധിയിൽ വരും. ഇതിനൊപ്പം വിമാനത്താവളത്തിലെ കാർഗോ കോംപ്ലക്സിലെ ഇടപാടുകളും അന്വേഷണ പരിധിയിൽ ഉൾപ്പെടും.