News
സ്വർണ്ണക്കടത്ത് പ്രതികളെ കുടുക്കിയത് സന്ദീപ് സഹോദരനെ വിളിച്ച ഫോൺ കോൾ
കൊച്ചി : സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയേയും സന്ദീപിനെയും കുടുക്കിയത് സന്ദീപ് സഹോദരനെ വിളിച്ച ഫോൺ കോൾ. സന്ദീപിന്റെ വീട്ടിൽ അന്വേഷണ സംഘം പരിശോധന നടത്തിക്കൊണ്ടിരിയ്ക്കയാണ് സഹോദരന് സന്ദീപിന്റെ ഫോൺ വരുന്നത്. തുടർന്ന് ഫോൺ സംഘം പിടിച്ചെടുത്തു.
ഫോൺ കോൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പ്രതികൾ ബംഗളുരുവിലെ കോറമംഗലയിൽ ഉണ്ടന്ന് മനസിലാക്കി. തുടർന്ന് എൻഐഎ ഹൈദരാബാദ് യൂണിറ്റ് ഉദ്യോഗസ്ഥർ സ്വപ്നയേയും സന്ദീപിനെയും കോറമംഗലയിലെ സുഹൃത്തിന്റെ ഫ്ലാറ്റിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. കർണ്ണാടക പോലീസിനെ എൻഐഎ വിവരം അറിയിച്ചിരുന്നില്ല. അവസാന നിമിഷം രണ്ട് വനിതാപോലീസിന്റെ സഹായം മാത്രമാണ് തേടിയത് എന്നാണ് വിവരം. അറസ്റ്റിലാകുമ്പോൾ സ്വപ്നയുടെ കുടുംബവും ഇവർക്കൊപ്പമുണ്ടായിരുന്നു.
സ്വപ്നയും സന്ദീപും ഒരുമിച്ചാണ് ഒളിവിൽ പോയത് എന്നാണ് വിവരം. തുടർന്ന് മൈസൂർ, ബെംഗളൂരു ഭാഗങ്ങളിൽ കറങ്ങുകയായിരുന്നു ഇരുവരും . പിന്നീട് രണ്ടായി പിരിയുകയും തുടർന്ന് കേരളത്തിലെത്തി കീഴടങ്ങാനുള്ള ശ്രമത്തിലുമായിരുന്നു. സന്ദീപ് സേലം-പൊള്ളാച്ചി-അതിരപ്പള്ളി വഴി കേരളത്തിലെത്താനും സ്വപ്ന സുരേഷ് ഗൂഡല്ലൂർ-പെരിന്തൽമണ്ണ വഴി കേരളത്തിലെത്താനുമായിരുന്നു പദ്ധതിയിട്ടിരുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന സൂചന.