Top Stories

സ്വപ്നയേയും സന്ദീപിനേയും കൊണ്ടുള്ള എൻഐഎ സംഘം കേരളത്തിലെത്തി

കൊച്ചി : സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരേയും കൊണ്ടുള്ള എൻഐഎ സംഘം വാളയാർ അതിർത്തി കടന്ന് കേരളത്തിലേക്ക് പ്രവേശിച്ചു. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെ സംഘം കൊച്ചിയിലെത്തും.

രാവിലെ 11.20 ഓടെയാണ് ബെംഗളൂരുവിൽനിന്നുള്ള എൻ.ഐ.എ. സംഘം പ്രതികളുമായി വാളയാർ അതിർത്തി കടന്നത്.മൂന്ന് വാഹനങ്ങളിലായാണ് എൻ.ഐ.എ. സംഘം പ്രതികളുമായി സഞ്ചരിക്കുന്നത്. കേരളത്തിലേക്ക് പ്രവേശിച്ച വാഹനവ്യൂഹത്തിന് അതിർത്തി മുതൽ കേരള പോലീസിന്റെ അകമ്പടിയുമുണ്ട്. പ്രതികളെ കൊണ്ടുവരുമെന്ന വിവരമറിഞ്ഞ് ഏതാനും കോൺഗ്രസ് പ്രവർത്തകർ വാളയാർ ചെക്ക്പോസ്റ്റിൽ എത്തിയിരുന്നു. എൻ.ഐ.എ. സംഘത്തിന് അഭിവാദ്യമർപ്പിച്ചുള്ള പ്ലക്കാർഡുകളുമായാണ് കോൺഗ്രസ് പ്രവർത്തകർ എത്തിയത്.

ഇന്നലെ വൈകിട്ടാണ് സ്വപ്ന സുരേഷും സന്ദീപ് നായരും ബംഗളുരുവിൽ വച്ച് എൻഐഎയുടെ പിടിയിലാകുന്നത്. ബംഗളുരുവിൽ നിന്നും നാഗാലാന്‍ഡിലേക്ക് കടക്കാനുള്ള നീക്കത്തിനിടെയാണ് എൻഐഎ പിടികൂടുന്നത്. ബെംഗളൂരുവിലെത്തി നാഗാലാന്‍ഡിലെ സന്ദീപിന്റെ സുഹൃത്തിന്റെ റിസോര്‍ട്ടിലേക്ക് പോകാനായിരുന്നു പദ്ധതി.

എസ് ക്രോസ് വാഹനത്തിലാണ് സ്വപ്നയും സന്ദീപും ബെംഗളൂരുവിലെത്തിയത്. ബുധനാഴ്ച ബിടിഎം ലേ ഔട്ടിലെ ഹോട്ടലിലാണ് പ്രതികള്‍ ആദ്യം മുറിയെടുത്തത്. എന്നാല്‍ ഇവിടെ തിരിച്ചറിയപ്പെടുമോ എന്ന സംശയത്തില്‍ കഴിഞ്ഞദിവസം കോറമംഗലയിലെ ഒക്ടേവ ഹോട്ടലിലേക്ക് മാറുകയായിരുന്നു.ഒക്ടേവ ഹോട്ടലില്‍ വൈകിട്ട് ആറരയോടെയാണ് ഇരുവരും മുറിയെടുത്തത്. എന്നാല്‍ ചെക്ക്-ഇന്‍ ചെയ്ത് അര മണിക്കൂറിനകം എന്‍.ഐ.എ. സംഘം പ്രതികളെ പിടികൂടുകയായിരുന്നു.

പ്രതികളില്‍നിന്ന് പാസ്‌പോര്‍ട്ടും രണ്ട് ലക്ഷം രൂപയും എന്‍.ഐ.എ സംഘം പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞദിവസം വൈകിട്ട് ഏഴ് മണിയോടെ പിടിയിലായ ഇരുവരെയും ഞായറാഴ്ച പുലര്‍ച്ചെ വരെ ചോദ്യം ചെയ്തു. സ്വപ്നയെയും സന്ദീപിനെയും സരിത്തിനെയും ചോദ്യം ചെയ്യുന്നതിലൂടെ കളളക്കടത്തുമായി ബന്ധപ്പെട്ട ഉന്നതബന്ധങ്ങളും ഉറവിടവും ഉള്‍പ്പെടെ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button