Top Stories
സ്വർണ്ണക്കടത്ത് കേസ്: സ്വപ്നയേയും സന്ദീപിനെയും ഇന്ന് കൊച്ചിയിൽ എത്തിക്കും
കൊച്ചി : നയതന്ത്ര ബാഗേജിലൂടെ സ്വർണ്ണം കടത്തിയ കേസിൽ എൻ.ഐ.എ. അറസ്റ്റ് ചെയ്ത സ്വപ്ന സുരേഷിനെയും സന്ദീപിനെയും ഇന്ന് കേരളത്തിൽ എത്തിക്കും. ശനിയാഴ്ച മൈസൂരുവിൽനിന്നാണ് സന്ദീപിനെ കസ്റ്റഡിയിലെടുത്തത്. സ്വപ്നയെ ബെംഗളൂരുവിൽനിന്നും. ഇരുവരെയും ഇന്ന് ഉച്ചയോടുകൂടി കൊച്ചിയിൽ എത്തിക്കു.
റോഡ് മാർഗമാണ് ഇരുവരെയും കൊച്ചിയിലേക്ക് എത്തിക്കുക. ഇവരെയും കൊണ്ടുള്ള എൻ.ഐ.എ. സംഘം ഇന്ന് രാവിലെ നാലരയോടെയാണ് പ്രതികളെയും കൊണ്ട് രണ്ട് വാഹനങ്ങളിലായി ബെംഗളൂരുവിൽനിന്ന് പുറപ്പെട്ടത്. കൊച്ചിയിൽ എത്തിച്ചതിനു ശേഷം ഇവരെ വീഡിയോ കോൺഫറൻസിലൂടെയായിരിക്കും എൻ.ഐ.എ കോടതിയിൽ ഹാജരാക്കുക. നിലവില്‍ നാലു പ്രതികള്‍ക്കെതിരെയാണ് എന്‍.ഐ.എ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതികള്‍ക്കെതിരെ യുഎപിഎ വകുപ്പുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സ്വപ്നയും സന്ദീപും ഒറ്റയ്ക്കാണ് ബെംഗളൂരുവിലെത്തിയത്. സ്വപ്നയോടൊപ്പം കുടുംബാംഗങ്ങൾ ഉണ്ടായിരുന്നുവെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും എൻഐഎ സംഘം ഇത് തള്ളി. സന്ദീപിന്റെ വീട് റെയ്ഡ് ചെയ്യുന്നതിനിടെ സഹോദരന്റെ ഫോണിലേക്ക് വന്ന രണ്ട് കോളുകളാണ് ഇരുവരുടെയും അറസ്റ്റിലേക്ക് വഴി തെളിച്ചത്.
എൻ ഐ എ കേസ് ഏറ്റെടുത്ത് 48 മണിക്കൂറിനുള്ളിലാണ് പ്രധാന പ്രതികളെ അറസ്റ്റ് ചെയ്തിരിയ്ക്കുന്നത്. ഇതോടെ കേസിൽ നിർണ്ണായക വഴിത്തിരിവ് ഉണ്ടായേക്കുമെന്നാണ് സൂചന.