സ്വപ്നയേയും സന്ദീപിനേയും എന്‍ഐഎ പ്രത്യേക കോടതി 3 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു
കൊച്ചി : സ്വര്‍ണക്കടത്തില്‍ അറസ്റ്റിലായ പ്രധാന പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും എന്‍ഐഎ പ്രത്യേക കോടതി റിമാന്‍ഡ് ചെയ്തു. 3 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. പ്രതികളെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകും. സ്വപ്നയെ തൃശൂരിലെ നിരീക്ഷണ കേന്ദ്രത്തിലും സന്ദീപിനെ കറുകുറ്റിയിലെ നിരീക്ഷണ കേന്ദ്രത്തിലേക്കുമാണ് മാറ്റുക.
പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ എന്‍ ഐ എ ഹര്‍ജി സമര്‍പ്പിച്ചെങ്കിലും കോടതി അനുവദിച്ചില്ല. കൊവിഡ് റിസള്‍ട്ട് നെഗറ്റീവ് ആണെങ്കില്‍ അടുത്ത ദിവസം പ്രതികളെ ഹാജരാക്കാന്‍ കോടതി നിര്‍ദേശം. കസ്റ്റഡി അപേക്ഷ അപ്പോള്‍ പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.
പ്രത്യേക വാഹനങ്ങളിലാണ് ഇവരെ കോടതിയില്‍ എത്തിച്ചത്.ഇന്നലെ ബംഗളൂവില്‍ അറസ്റ്റിലായ പ്രതികളെ ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയാേടെയാണ് റോഡുമാര്‍ഗം കൊച്ചിയിലെത്തിച്ചത്. പുലര്‍ച്ചെ ബംഗളൂരുവില്‍ നിന്ന് യാത്രതിരിച്ച സംഘം ഉച്ചയോടെയാണ് കൊച്ചിയിലെത്തിയത്. വടക്കാഞ്ചേരിയ്ക്കു സമീപത്തുവച്ച് സ്വപ്നയുമായി എത്തിയ വാഹനത്തിന്റെ ടയര്‍ പഞ്ചറായിരുന്നു. തുടര്‍ന്ന് സന്ദീപിനൊപ്പം ഒരു വാഹനത്തിലാണ് സ്വപ്നയെയും കൊച്ചിയിലെത്തിച്ചത്. വരുന്ന വഴി ഇരുവരെയും കൊവിഡ്, മെഡിക്കല്‍ പരിശോധനകള്‍ നടത്തിയിരുന്നു.