Top Stories

ശ്രീപത്മനാഭസ്വാമി ക്ഷേത്ര ഭരണം: സുപ്രീംകോടതി വിധി ഇന്ന്

ന്യൂഡൽഹി : ശ്രീപത്മനാഭസ്വാമി ക്ഷേത്ര ഭരണം ആര്‍ക്ക് എന്നതില്‍ സുപ്രീംകോടതി വിധി ഇന്ന്. ക്ഷേത്ര ഭരണത്തിനായി പ്രത്യേക സമിതി രൂപീകരിക്കണമെന്ന ശുപാര്‍ശ രാജകുടുംബവും സര്‍ക്കാരും കോടതിയില്‍ നല്‍കിയിട്ടുണ്ട്. ബി നിലവറ തുറക്കുന്ന കാര്യത്തിലും കോടതി തീരുമാനം എടുത്തേക്കും. L2019 ഏപ്രില്‍ 10ന് വാദം കേള്‍ക്കല്‍ പൂർത്തിയാക്കിയ കേസില്‍ ഇന്ന് രാവിലെ 10.30ന് ജസ്റ്റിസ് യുയു ലളിതാണ് വിധി പുറപ്പെടുവിക്കുന്നത്.

ശ്രീപത്മനാഭസ്വാമി ക്ഷേത്രം രാജാവിന്‍റെ അനന്തരാവകാശിക്ക് കൈമാറാന്‍ വ്യവസ്ഥയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് 2011ല്‍ കേരള ഹൈക്കോടതി ഉത്തരവിട്ടത്. ഇത് ചോദ്യം ചെയ്ത് മുന്‍ രാജ കുടുംബാംഗം ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ നല്‍കിയ അപ്പീലിലാണ് ഇന്ന് വിധി ഉണ്ടാവുക. സുപ്രീംകോടതി ജഡ്ജ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് ഒരു ദശകത്തോളം നീണ്ടു നിന്ന സുപ്രീംകോടതിയിലെ നിയമ പോരാട്ടത്തില്‍ വിധി പറയാന്‍ ഒരുങ്ങുന്നത്.

ക്ഷേത്ര സ്വത്തിലല്ല, ഭരണപരമായ അവകാശം മാത്രമാണ് ഉന്നയിക്കുന്നതെന്ന് രാജകുടുംബം വാദിച്ചു.ആദ്യം സ്വകാര്യ ക്ഷേത്രമെന്ന് പറഞ്ഞ രാജകുടുംബം പിന്നീട് നിലപാട് മാറ്റി പൊതുക്ഷേത്രം എന്നാക്കി. വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ ക്ഷേത്ര ഭരണത്തിനായി അഞ്ചംഗ സമിതി രൂപീകരിക്കണമെന്ന അഭിപ്രായവും രാജകുടുംബം മുന്നോട്ടുവെച്ചിരുന്നു. അതേസമയം എട്ടംഗ ഭരണസമിതി രൂപീകരിക്കണമെന്ന ആവശ്യമാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവെച്ചത്.

ക്ഷേത്രത്തിലെ ബി നിലവറയിലെ അമൂല്യവസ്തുക്കളുടെ കണക്കെടുപ്പ് മാത്രമാണ് ഇതുവരെ നടത്താത്തത്. ബി നിലവറ തുറന്നാല്‍ ക്ഷേത്രത്തിന് കേടുപാടുകള്‍ ഉണ്ടാക്കുമെന്നാണ് രാജകുടുംബത്തിന്‍റെ നിലപാട്. എന്നാല്‍ ബി നിലവറ ഏഴ് തവണ തുറന്നിട്ടുണ്ടെന്നാണ് മുന്‍ സിഎജി വിനോദ് റായ് സുപ്രീംകോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ അറിയിച്ചത്. നിലവറ തുറന്ന് കണക്കെടുപ്പ് നടത്തണമെന്നാണ് സര്‍ക്കാരിന്‍റെ നിലപാട്. ഇക്കാര്യത്തിലും കോടതി ഇന്ന് തീരുമാനം വ്യക്തമാക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button