ബിഷപ്പ് ഫ്രാങ്കോയുടെ ജാമ്യം റദ്ദാക്കി; ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു
കൊച്ചി : കന്യാസ്ത്രീയെ ബലാത്സംഗ ചെയ്ത കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കി. കോടതിയില്‍ തുടര്‍ച്ചയായി ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് നടപടി. കോട്ടയം അഡീഷണല്‍ പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. പ്രതിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുമുണ്ട്.
തുടര്‍ച്ചയായി 14 തവണയാണ് ഫ്രാങ്കോ കോടതിയില്‍ ഹാജരാകാതിരുന്നത്. പലകാരണങ്ങളായിരുന്നു കാരണമായി പറഞ്ഞിരുന്നത്. തുടര്‍ന്നാണ് കടുത്തനടപടിയിലേക്ക് കോടതി കടന്നത്. ജാമ്യമില്ലാ വാറണ്ടാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. പ്രതിയുടെ ജാമ്യക്കാര്‍ക്കെതിരെ പ്രത്യേക കേസെടുക്കാനും കോടതി ഉത്തരവായിട്ടുണ്ട്. ജാമ്യത്തുക കണ്ടുകെട്ടാതിരിക്കാന്‍ കാരണം കാണിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കേസ് ഓഗസ്റ്റ് 13ന് വീണ്ടും പരിഗണിക്കും.
ജലന്ധറിലെ ബിഷപ്പ് ഹൗസ് സ്ഥിതി ചെയ്യുന്ന പ്രദേശം തീവ്രമേഖലയില്‍ ആയതിനാല്‍ യാത്ര ചെയ്യാനാകില്ലെന്നായിരുന്നു, കോടതിയില്‍ ഹാജരാകാതിരിക്കാനുള്ള കാരണമായി ഫ്രാങ്കോ മുളയ്ക്കല്‍ കഴിഞ്ഞ തവണ ബോധിപ്പിച്ചത്. എന്നാല്‍ ബിഷപ്പ് ഹൗസ് സ്ഥിതി ചെയ്യുന്ന പ്രദേശം കോവിഡ് തീവ്രമേഖലയായിരുന്നില്ലെന്ന രേഖകള്‍ പ്രോസിക്യൂഷന് കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കിയതും അറസ്റ്റ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതും.
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഫ്രാങ്കോ മുളയ്ക്കല്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തനിക്കെതിരെ തെളിവുകളില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും കേസില്‍ വിചാരണ കൂടാതെ വെറുതെ വിടണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത് .
സമാന ആവശ്യമുന്നയിച്ച് നല്കിയ ഹര്‍ജി മാര്‍ച്ച് 16 ന് കോട്ടയം അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് പുനപരിശോധന ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. സാക്ഷിമൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നും കേസില്‍ നടപടി തുടരാനുള്ള വസ്തുതകളില്ലെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം. പ്രഥമദൃഷ്ട്യാ പീഡന കേസ് നിലനില്‍ക്കുന്നുണ്ടെന്നും നടപടികള്‍ വൈകിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നുമായിരുന്നു പ്രോസിക്യുഷന് വാദം. ഇത് അംഗീകരിച്ചാണ് ഹൈക്കോടതിയുടെ നടപടി.