ഉത്ര വധക്കേസിൽ കുറ്റസമ്മതം നടത്തി സൂരജ്
പത്തനംതിട്ട : അഞ്ചൽ ഉത്ര വധക്കേസിൽ കുറ്റസമ്മതം നടത്തി ഉത്രയുടെ ഭർത്താവ് സൂരജ്. ഉത്രയെ കൊലപ്പെടുത്തിയത് താനാണെന്ന് സൂരജ് മാധ്യമങ്ങളോട് പറഞ്ഞു. വനം വകുപ്പ് രജിസ്റ്റർ ചെയ്ത കേസിന്റെ തെളിവെടുപ്പിന് പറക്കോട്ടെ വീട്ടിൽ എത്തിച്ചപ്പോഴായിരുന്നു മാധ്യമങ്ങൾക്കു മുന്നിൽ സൂരജിന്റെ കുറ്റസമ്മതം.
കൊലപാതകത്തിന് പിന്നിൽ പ്രത്യേക ലക്ഷ്യമുണ്ടായിരുന്നോ എന്ന് ചോദിച്ചപ്പോൾ ഇല്ല എന്നായിരുന്നു മറുപടി. കൊല്ലാൻ വേണ്ടി തന്നെയാണ് പാമ്പിനെ വാങ്ങിയതെന്നും രണ്ട് പാമ്പുകളെ വാങ്ങിയിട്ടുണ്ടെന്നും സൂരജ് സമ്മതിച്ചു. അതേസമയം, കൃത്യത്തിൽ അച്ഛനും അമ്മയ്ക്കും പങ്കുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നും കരഞ്ഞുകൊണ്ട് പറഞ്ഞു.
അതിനിടെ, ഇനിയൊരു പെൺകുട്ടിക്കും ഈ ഗതിയുണ്ടാകരുതെന്നായിരുന്നു രണ്ടാംപ്രതി സുരേഷിന്റെ പ്രതികരണം. തനിക്കും ഒരു പെൺകുട്ടിയുണ്ടെന്നും എല്ലാം ദൈവത്തിന്റെ മുന്നിൽ തെളിയുമെന്നും സുരേഷ് പറഞ്ഞു. സൂരജ് കുറ്റംസമ്മതിച്ചിട്ടുണ്ടെന്നും ഇത് മൊഴിയായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും വനംവകുപ്പ് ഉദ്യോഗസ്ഥരും വ്യക്തമാക്കി.