ഉപമുഖ്യമന്ത്രി, പി.സി.സി അധ്യക്ഷ സ്ഥാനങ്ങളിൽ നിന്നും സച്ചിന്‍ പൈലറ്റിനെ പുറത്താക്കി
ജയ്പൂര്‍ : രാജസ്ഥാന് ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്നും പി.സി.സി അധ്യക്ഷ സ്ഥാനത്തു നിന്നും സച്ചിന്‍ പൈലറ്റിനെ നീക്കി കോൺഗ്രസ്. സച്ചിൻ പൈലറ്റിനെ പിന്തുണച്ച രണ്ട് മന്ത്രിമാരെയും പുറത്താക്കി. മന്ത്രിമാരായ വിശ്വേന്ദ്രസിങ്. രമേഷ് മീണ എന്നിവരെയാണ് മന്ത്രിസ്ഥാനത്ത് നിന്ന് നീക്കിയത്.
ഗോവിന്ദ് സിങ് ദൊദാസ്ത്രയാണ് പുതിയ പി.സി.സി അധ്യക്ഷന്‍. ഇന്ന് വിളിച്ചുചേര്‍ത്ത നിയമസഭ കക്ഷി യോഗത്തില്‍ സച്ചിന്‍ പൈലറ്റും അദ്ദേഹത്തിന്റെ വിശ്വസ്തരായ 17 എംഎൽഎമാരും പങ്കെടുത്തിരുന്നില്ല. രാഹുല്‍ ഗാന്ധിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും നിരവധി തവണ സച്ചിന്‍ പൈലറ്റുമായി ഫോണില്‍ സംസാരിച്ചിരുന്നു. എന്നാല്‍, സച്ചിന്‍ പൈലറ്റ് വഴങ്ങിയിരുന്നില്ല.
തുടർച്ചയായ രണ്ടാം തവണയും സച്ചിൻ പൈലറ്റും സംഘവും നിയമസഭാകക്ഷി യോഗം ബഹിഷ്കരിച്ചതിനു പിന്നാലെ ഇവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം യോഗം പാസാക്കി.
ജയ്പുരിൽ ഇന്ന് നടന്ന കോൺഗ്രസിന്റെ നിയമസഭാകക്ഷി യോഗത്തിൽ 102 എംഎൽഎമാർ പങ്കെടുത്തുവെന്നാണ് റിപ്പോർട്ടുകൾ. ജയ്പുരിലെ ഫെയർമോണ്ട് ഹോട്ടലിലാണ് യോഗം നടന്നത്. സച്ചിൻ പൈലറ്റിനെ പാർട്ടിയിൽ നിന്നും പുറത്താക്കണമെന്ന് എംഎൽഎമാർ ഒന്നടങ്കം ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്.