Top Stories
എം.ശിവശങ്കറിനെ കസ്റ്റംസ് ഒമ്പത് മണിക്കൂർ ചോദ്യം ചെയ്തു
തിരുവനന്തപുരം : സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ കസ്റ്റംസ് ഒമ്പതു മണിക്കൂർ ചോദ്യം ചെയ്തു. ചോദ്യംചെയ്യലിൽ നിർണായക വിവരങ്ങൾ ലഭിച്ചതായാണ് സൂചന. ചൊവ്വാഴ്ച വൈകീട്ട് 5.30-ന് തുടങ്ങിയ ചോദ്യം ചെയ്യൽ ബുധനാഴ്ച പുലർച്ചെ രണ്ടേകാലോടെ അവസാനിപ്പിച്ചു. അതിനുശേഷം കസ്റ്റംസ് ഓഫീസിൽ നിന്ന് ഉദ്യോഗസ്ഥർ ശിവശങ്കറിനെ പൂജപ്പുരയിലെ വീട്ടിലെത്തിച്ചു.
സ്വപ്ന സഹപ്രവർത്തകയും സരിത് സുഹൃത്തുമാണെന്ന് ശിവശങ്കർ ചോദ്യം ചെയ്യലിൽ പറഞ്ഞതായാണ് വിവരം. സ്വപ്നയെ പലതവണ വിളിച്ചിട്ടുണ്ടെന്ന് പറഞ്ഞ അദ്ദേഹം നാലുവർഷമായി അവരെ അറിയാമെന്ന് സമ്മതിച്ചു. അതേസമയം, ജൂലായ് ഒന്ന്, രണ്ട് തീയതകളിൽ തിരുവനന്തപുരത്തെ ഹിൽട്ടൺ ഇൻ ഹോട്ടലിൽ തങ്ങിയ നാലുപേരെക്കുറിച്ചുള്ള സംശയത്തിന്റെ അടിസ്ഥാനത്തിൽ താമസക്കാരുടെ രജിസ്റ്ററും സി.സി.ടി.വി. ദൃശ്യങ്ങളും കസ്റ്റംസ് സംഘം ശേഖരിച്ചു. ഇവരെ ശിവശങ്കർ കണ്ടതിന്റെ ദൃശ്യങ്ങൾ കസ്റ്റംസ് പിടിച്ചെടുത്തു.
വിമാനത്താവളത്തിൽ പിടിയിലായ സ്വർണം വിട്ടുനൽകാൻ അദ്ദേഹം പലരീതിയിൽ സമ്മർദ്ദം ചെലുത്തിയിയെന്ന് കസ്റ്റംസിനു വിവരം ലഭിച്ചു. കാർഗോ കോംപ്ലക്സ് വഴിയും ഇടപെട്ടു. ശിവശങ്കർ വാടകയ്കെടുത്ത ഫ്ളാറ്റിന് സമീപത്തെ ഫ്ളാറ്റിൽ സ്വപ്നയുടെ ഭർത്താവും മകളും താമസിച്ചിരുന്നതായും കസ്റ്റംസിന് വിവരം കിട്ടി.