സ്വപ്ന ക്ഷണിച്ച പരിപാടിയില്‍ പങ്കെടുത്തത് വീഴ്ചയെന്ന് സ്പീക്കര്‍
തിരുവനന്തപുരം : സ്വപ്ന സുരേഷ് ക്ഷണിച്ച പരിപാടിയില്‍ പങ്കെടുത്തത് ഓഫീസിന്റെ വീഴ്ചയെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. പരിപാടികളെ സംബന്ധിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിക്കാറില്ലെന്നും റിപ്പോര്‍ട്ട് ലഭ്യമാക്കുകയും പരിപാടികളുടെ സൂക്ഷാമാംശങ്ങള്‍ മനസിലാക്കുകയും ചെയ്ത ശേഷം മാത്രമേ പോകാവൂ എന്ന പാഠം ഇപ്പോള്‍ മനസിലാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതൊരു പാഠമാണെന്നും ഇന്ന് നോക്കുമ്പോള്‍ അതൊരു വീഴ്ചയാണെന്നും ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി.
മാതൃഭൂമി ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖ്യത്തിലാണ് സ്പീക്കര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. സന്ദീപല്ല, സ്വപ്‌നയും സുഹൃത്തുക്കളും ചേര്‍ന്നാണ് കട ഉദ്ഘാടനത്തിന് ക്ഷണിച്ചത്. പരിപാടികളെ സംബന്ധിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിരുന്നില്ല. ഇന്ന് നോക്കുമ്പോള്‍ അതൊരു വീഴ്ചയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ക്ഷണക്കത്തില്‍ പ്രാദേശികമായ എല്ലാ ജനപ്രതിനിധികളുടെയും പേരുകളുണ്ടായിരുന്നുവെന്നും അവരാരും ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കിയില്ലന്നും അദ്ദേഹം പറഞ്ഞു.
സ്വപ്നയുമായി അപരിചിതത്വമില്ല. കഴിഞ്ഞ നാല് വര്‍ഷമായി അവരായിരുന്നു യുഎഇ കോണ്‍സുലേറ്റിന്റെ മുഖമായി കേരള സര്‍ക്കാരിന് മുന്നിലെത്തിയിരുന്നത്. സര്‍ക്കാരിനോട് വിവിധ പരിപാടികളുമായി നിരന്തരമായി ബന്ധപ്പെട്ടുകൊണ്ടിരുന്ന കോണ്‍സുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥയായാണ് അവരെ കണ്ടിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വപ്‌നയുടെ തോളില്‍ തട്ടുന്നതിന് അശ്ലീല സ്വഭാവം തോന്നുന്നത് അത് തോന്നുന്നവരുടെ മനസിന്റെ വൈകൃതമാണെന്നും അതില്‍ തെറ്റ് കാണാനില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണക്കടത്ത് വാര്‍ത്തകള്‍ പുറത്ത് വരുന്നതിന് ശേഷമോ തൊട്ടടുത്തോ സഹായിക്കുന്ന ഒരു നിലപാടും സ്വീകരിച്ചിട്ടില്ല. കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥയെ സംബന്ധിച്ച് സംശയം തോന്നിയിലെന്നും ഇവര്‍ വഴിവിട്ട നീക്കം നടത്തുന്നയാളാണെന്ന് സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.