സ്വര്‍ണക്കടത്ത് കേസിൽ കസ്റ്റംസിന് നിര്‍ണായകമായ തെളിവുകള്‍ ലഭിച്ചു
തിരുവനന്തപുരം : സ്വര്‍ണക്കടത്തില്‍ കസ്റ്റംസിന് നിര്‍ണായകമായ കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. വ്യാജ രേഖകള്‍ ചമയ്ക്കാന്‍ ഉപയോഗിച്ച ലാപ്ടോപ്പും സീലുകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിച്ച യന്ത്രവുമാണ് പിടിച്ചെടുത്തത്. കേസിലെ ഒന്നാം പ്രതി സരിത്തിന്റെ സുഹൃത്ത് അഖിലിന്റെ പക്കല്‍ നിന്നാണ് ഇവ പിടിച്ചെടുത്തത്. അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്ത ഇയാളെ കൂടുതല്‍ ചോദ്യംചെയ്യുകയാണ്. കസ്റ്റംസ് ക്ലിയറന്‍സിന് വേണ്ടി സംസ്ഥാന സര്‍ക്കാരിന്റെ വ്യാജരേഖയുണ്ടാക്കിയെന്നും വ്യക്തമായി. കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയിലും കസ്റ്റംസിന് വിലപ്പെട്ട നിരവധി തെളിവുകള്‍ ലഭിച്ചിരുന്നു.
ഇന്ന് ഉച്ചയോടെ സ്വര്‍ണക്കടത്തുകേസിലെ പ്രധാന പ്രതിയായ ഫൈസല്‍ ഫരീദിന്റെ തൃശൂര്‍ കയ്പമംഗലത്തെ വീട്ടില്‍ കസ്റ്റംസ് പരിശോധന നടത്തി. ബന്ധുക്കളുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. ഫൈസല്‍ ഫരീദിന് നാടുമായി അധികം ബന്ധില്ലെന്നും ഒന്നരവര്‍ഷമായി അയാള്‍ ഇവിടേക്ക് വന്നിട്ടില്ലെന്നുമാണ് നാട്ടുകാരും ബന്ധുക്കളും കസ്റ്റംസിന് മൊഴിനല്‍കിയത്.