Top Stories
തിരുവനന്തപുരത്ത് സമൂഹവ്യാപനം
തിരുവനന്തപുരം : തിരുവനന്തപുരത്ത് പൂന്തുറ, പുല്ലുവിള മുതലായ പ്രദേശങ്ങളിൽ കോവിഡ് സാമൂഹ്യ വ്യാപനം ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് ഗുരുതരമായ രോഗവ്യാപനം നിലനിൽക്കുന്ന ജില്ല എന്ന നിലയ്ക്ക് തിരുവനന്തപുരം ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ജില്ലയിലെ ചില പ്രദേശങ്ങൾ അതീവ ഗുരുതരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ഈ ഗുരുതരമായ സ്ഥിതിവിശേഷം നേരിടുന്നതിന് എല്ലാ സംവിധാനങ്ങളേയും യോജിപ്പിച്ച് മുന്നോട്ട് പോകാനാണ് സർക്കാർ നടപടികൾ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
തീരദേശമേഖലയിൽ അതിവേഗത്തിലാണ് രോഗവ്യാപനം ഉണ്ടാവുന്നത്. പൂന്തുറ ആയുഷ് കേന്ദ്രത്തിൽ 50 പേർക്ക് നടത്തിയ ടെസ്റ്റിൽ 26 പേർക്ക് കോവിഡ് പോസിറ്റീവായി. പുതുക്കുറിശ്ശിയിൽ 75 സാമ്പിളുകൾ പരിശോധിച്ചതിൽ 20 പേർക്ക് രോഗം സ്ഥിരീകരിച്ചു. കരിങ്കുളം പഞ്ചായത്തിലെ പുല്ലുവിളയിൽ 97 സാമ്പിളുകൾ പരിശോധിച്ചപ്പോൾ 51 പേർക്കാണ് രോഗം സ്ഥിരീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അഞ്ചുതെങ്ങിൽ 83 സാമ്പിളുകൾ പരിശോധിച്ചതിൽ 15 പേർക്ക് കോവിഡ് പോസിറ്റീവാണ്. ഈ പ്രദേശങ്ങളിലൊക്കെ രോഗവ്യാപനം തീവ്രമായതിന്റെ ലക്ഷണമാണ് ഈ പരിശോധനാഫലങ്ങളിൽ നിന്ന് വ്യക്തമാകുന്നത് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ജില്ലയിൽ ഇന്ന് പോസിറ്റീവായ 246 കേസുകളിൽ രണ്ടുപേർ മാത്രമാണ് വിദേശങ്ങളിൽ നിന്ന് എത്തിയവർ. 237 പേർക്ക് രോഗബാധ ഉണ്ടായിരിക്കുന്നത് സമ്പർക്കത്തിലൂടെയാണ്. രോഗം സ്ഥിരീകരിച്ച നാല് ആരോഗ്യപ്രവർത്തകരിൽ മൂന്നു പേരുടെ രോഗത്തിന്റെ ഉറവിടം അറിയില്ല. ഇത് അസാധാരണ സാഹചര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്താകെ ഇന്ന് 791പേർക്ക് കോവിഡ് പോസിറ്റീവായി. ഇതിൽ 532 പേർക്കും രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെ. ഇതിൽ 42 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരിൽ 135 പേർ വിദേശത്തുനിന്നെത്തിയവരാണ്. 98 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്ന് വന്നവരാണ്. 133 പേർ സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടി.