News
നോവലിസ്റ്റ് സുധാകർ മംഗളോദയം അന്തരിച്ചു
കോട്ടയം : ജനപ്രിയ നോവലിസ്റ്റ് സുധാകർ മംഗളോദയം(72) അന്തരിച്ചു. വെള്ളിയാഴ്ച വൈകിട്ട് കോട്ടയത്ത് ആയിരുന്നു അന്ത്യം. വാർധക്യ സഹജമായ രോഗങ്ങളെ തുടർന്ന് ഒരു വർഷമായി ചികിത്സയിലായിരുന്നു അദ്ദേഹം. സംസ്കാരം നാളെ പത്തിന് വീട്ടുവളപ്പിൽ.
വൈക്കത്തിനടുത്ത് വെള്ളൂരാണു സുധാകറിന്റെ സ്വദേശം. വിവിധ വാരികകളിലെ നോവലുകളിലൂടെ മലയാളികൾക്കിടയിൽ പ്രിയങ്കരനായിമാറിയ എഴുത്തുകാരനാണ് സുധാകർ മംഗളോദയം. നിരവധി നോവലുകൾ സിനിമകളും സീരിയലുകളുമായിട്ടുണ്ട്.
പി.പത്മരാജന്റെ കരിയിലക്കാറ്റുപോലെ എന്ന സിനിമയുടെ കഥ സുധാകര്‍ പി.നായര്‍ എന്ന യഥാര്‍ഥ പേരില്‍ ആണ് എഴുതിയത്. 1985ല്‍ പുറത്തിറങ്ങിയ വസന്തസേന എന്ന ചലച്ചിത്രത്തിന്റെ കഥയും ഇദ്ദേഹത്തിന്റേതാണ്. നന്ദിനി ഓപ്പോള്‍ എന്ന സിനിമയുടെ കഥയും ഇദ്ദേഹത്തിന്റേതാണ്. പാദസ്വരം, നന്ദിനി ഓപ്പോള്‍, ഒറ്റക്കൊലുസ്സ്, ചിറ്റ, ഈറന്‍ നിലാവ്, വെളുത്ത ചെമ്പരത്തി, വാസ്തുബലി, ഓട്ടുവള, നിറമാല, ചാരുലത തുടങ്ങി നിരവധി കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സുധാകർ മംഗളോദയത്തിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.