News
പോലീസ് ഉദ്യോഗസ്ഥയ്ക്ക് കോവിഡ്; ക്രൈംബ്രാഞ്ച് ആസ്ഥാനം അടച്ചു
തിരുവനന്തപുരം : സിവിൽ പോലീസ് ഉദ്യോഗസ്ഥയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ക്രൈംബ്രാഞ്ച് ആസ്ഥാനം അടച്ചു. ഇന്ന് രാവിലെ അടച്ച ഓഫീസ് തിങ്കളാഴ്ച വീണ്ടും തുറക്കും. ആവശ്യമായ സുരക്ഷാനടപടികൾ സ്വീകരിച്ചതായി ക്രൈംബ്രാഞ്ച് മേധാവി അറിയിച്ചു. അണുവിമുക്തമാക്കൽ ഉൾപ്പെടെ നടത്തിയ ശേഷമാകും ഓഫീസ് തുറക്കുക.
കോവിഡ് ഡ്യൂട്ടിയ്ക്കായി ക്രൈംബ്രാഞ്ചിൽ നിന്ന് ഡെപ്യൂട്ടേഷനിൽ പോയ വനിതാ ഓഫീസർക്കാണ് കോവിഡ് പോസിറ്റീവായത്. ജൂലൈ ഏഴു മുതൽ തിരുവനന്തപുരം ഫോർട്ട് പോലീസ് സ്റ്റേഷനിൽ പരിധിയിൽ കോവിഡ് ഡ്യൂട്ടിയിലായിരുന്നു ഇവർ.ഡെപ്യൂട്ടേഷൻ ഡ്യൂട്ടി പൂർത്തിയാക്കിയ ശേഷം 15-ാം തീയതി ഹെഡ്ക്വാർട്ടേഴ്സിൽ തിരികെ ഡ്യൂട്ടിയിൽ പ്രവേശിപ്പിച്ചു. ഇതിനു മുമ്പായി 14ന് എടുത്ത സാംപിളാണ് പോസിറ്റീവ് ആയിരിക്കുന്നത്.