News
യു.എ.ഇ. കോൺസുലേറ്റ് അറ്റാഷെയുടെ ഗൺമാനെ കാണാനില്ലെന്ന് പരാതി
തിരുവനന്തപുരം : യു.എ.ഇ. കോൺസുലേറ്റ് അറ്റാഷെയുടെ ഗൺമാനെ കാണാനില്ലെന്ന് പരാതി. എആർ ക്യാമ്പിലെ പോലീസുകാരനായ ജയ്ഘോഷിനെയാണ് വ്യാഴാഴ്ച മുതൽ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ തുമ്പ പോലീസിൽ പരാതി നൽകിയത്.
ജയ്ഘോഷിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. വട്ടിയൂർക്കാവിലായിരുന്നു ജയ്ഘോഷ് താമസിച്ചിരുന്നത്. വ്യാഴാഴ്ച വൈകിട്ട് ഭാര്യയെയും മക്കളെയും കരിമണലിലെ കുടുംബ വീട്ടിലേക്ക് മാറ്റിയിരുന്നു. കൂടാതെ സർവീസ് പിസ്റ്റൾ ഇയാൾ വട്ടിയൂർക്കാവ് പോലീസിൽ തിരികെ ഏൽപ്പിച്ചിരുന്നു.
ജയ്ഘോഷിനെ ദേശീയ അന്വേഷണ ഏജൻസി കസ്റ്റഡിയിൽ എടുത്തതാണെന്ന് ബന്ധുക്കൾക്ക് സംശയമുണ്ട്. സ്വർണം പിടിച്ചെടുത്ത ദിവസമടക്കം സ്വപ്ന ജയ്ഘോഷിനെ വിളിച്ചിരുന്നതായി എൻഐഎ കണ്ടെത്തിയിരുന്നു. ബന്ധുക്കളുടെ പരാതിയിൽ തുമ്പ പോലീസ് കേസ് എടുത്തു.